kurbana
കലൂർ റിന്യൂവൽ സെന്ററിൽ ചേർന്ന എറണാകുളം അതിരൂപതയിലെ വിശ്വാസി സംഘടനകളുടെ യോഗം

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരാനുള്ള ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ തീരുമാനത്തിനെതിരെ നടപടികളുണ്ടായാൽ ചെറുക്കാൻ വിശ്വാസികൾ തീരുമാനിച്ചു. വിശ്വാസികളുടെ സംഘടനകളായ അൽമായമുന്നേറ്റം, ദൈവജനകൂട്ടായ്‌മ, സെന്റ് മേരീസ് ബസിലിക്ക കൂട്ടായ്‌മ, അതിരൂപത സുതാര്യതാസമിതി എന്നിവയുടെ യോഗത്തിലാണ് തീരുമാനം.

കുർബാന അർപ്പണത്തിൽ രൂപതകളിൽ വ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനാഭിമുഖ കുർബാനയും ഔദ്യോഗികമായി അംഗീകരിക്കാൻ സിനഡ് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. മെത്രാപ്പൊലീത്തൻ വികാരിക്കെതിരെ നടപടിയോ തരംതാഴ്‌ത്തലോ ഉണ്ടായാൽ അജപാലന പ്രതിസന്ധിക്ക് കാരണമാകും. അതിരൂപതയിൽ പ്രധാനസ്ഥാനം വഹിക്കുന്ന വൈദികനാണ് ആർച്ച് ബിഷപ്പിനെതിരെ പ്രവർത്തിക്കുന്നത്. സഭയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിർദ്ദേശങ്ങൾ സഹിതം അൽമായ സംഘടനകൾ സംയുക്തമായി വത്തിക്കാന് നിവേദനം സമർപ്പിക്കും. യോഗത്തിൽ അഗസ്റ്റിൻ കണിയാമറ്റം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബിനു ജോൺ, പി.പി. ജെരാർദ്, ജോമോൻ ചാത്തോത്ത്, ബെന്നി വാഴപ്പിള്ളി, നിമ്മി ആന്റണി എന്നിവർ സംസാരിച്ചു.