• ജി​ല്ലയി​ൽ ഇന്നലെ 203 വാഹനങ്ങൾക്കെതിരെ നടപടി​

തൃക്കാക്കര: ആലുവയി​ൽ ഒരാളുടെ മരണത്തി​നി​ടയാക്കി​യ കാർ അപകടത്തി​ന് പി​ന്നാലെ ജില്ലയിൽ കുട്ടി ഡ്രൈവർമാർക്കെതിരെ പരിശോധന കർശനമാക്കി പൊലീസും മോട്ടോർ വാഹനവകുപ്പും. അമിതവേഗം, ലൈസൻസ്, ഇൻഷ്വറൻസ് ഇല്ലാതി​രി​ക്കുക, നമ്പർപ്ളേറ്റ് മറയ്ക്കൽ, ആൾട്ടറേഷൻ തുടങ്ങിയവയെല്ലാം പരി​ശോധനാ വി​ധേയമാക്കുന്നുണ്ട്.

കാക്കനാട് മൂന്നുമാസത്തിനിടെ നാല് വിദ്യാർത്ഥികളാണ് വാഹനാപകടത്തിൽ മരിച്ചത്. ഇന്നലത്തെ പരിശോധനയിൽ 203 വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു. 155 കേന്ദ്രങ്ങളിൽ ഇന്നലെ വൈകി​ട്ട് നാലുമുതൽ ആറുമണിവരെയായി​രുന്നു പരിശോധന.

അസി.കമ്മീഷണർമാർ നേതൃത്വം നൽകി​. 5150 വാഹനങ്ങൾ പരിശോധിച്ചതിൽ 203 എണ്ണം കസ്റ്റഡിയിൽ എടുത്തു.

കൂടുതൽ കേസുകൾ എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിലാണ്. 18 എണ്ണം. എറണാകുളം സൗത്തിൽ 17, സെൻട്രൽ 16, ഏലൂർ 12, അമ്പലമേട് 11, പാലാരിവട്ടം, ഉദയംപേരൂർ, ഹാർബർ 10വീതം, ഹിൽപാലസ്, വെസ്റ്റ് ട്രാഫിക് 08, ഈസ്റ്റ് ട്രാഫിക് 7, ചേരാനല്ലൂർ, എളമക്കര 6, കുമ്പളങ്ങി, പനങ്ങാട്, കടവന്ത്ര, ഇൻഫോപാർക്ക് 5, മരട്, തൃക്കാക്കര, കളമശേരി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ട്രാഫിക് 4 , കണ്ണമാലി,പള്ളുരുത്തി 3, തൃപ്പൂണിത്തുറ ട്രാഫിക് 2, മുളവുകാട് 1 എന്നി​ങ്ങി​നെയാണ് കേസുകൾ.

മാസങ്ങൾക്കുമുമ്പ് കാക്കനാട് ഇൻഫോപാർക്ക്‌ പുതിയ ഹൈവേ, കാക്കനാട് പളിക്കര റോഡ്‌, സീ പോർട്ട്‌ എയർ പോർട്ട്‌ റോഡ്‌ തുടങ്ങി പ്രധാന റോഡുകളിൽ കുട്ടിഡ്രൈവർമാരുടെ അഭ്യാസപ്രകടനങ്ങൾ കൈയോടെ പിടികൂടിയിരുന്നു. ഇത്തരത്തിൽ കുട്ടികളെ പിടികൂടിയാൽ രക്ഷിതാക്കൾക്കെതിരെയും കർശനനടപടിക്ക് ഒരുങ്ങുകയാണ് പൊലീസും മോട്ടോർവാഹനവകുപ്പും.