മൂവാറ്റുപുഴ: പായിപ്ര തമ്പലത്തോട് മാലിന്യനിക്ഷേപകേന്ദ്രമായി മാറിയതിൽ ശക്തമായ പ്രതിഷേധം. നാടിന്റെ കുടിവെള്ളസ്രോതസായ തോടിനെ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പ്രദേശവാസികൾ ആശ്രയിക്കുന്നു. തമ്പലത്തോട് സംരക്ഷിക്കണമെന്ന ആവശ്യത്തിന് മുന്നിൽ അധികാരികൾ കണ്ണടക്കുകയാണ്. പലരുടേയും മാലിന്യനിക്ഷേപകേന്ദ്രമാണ് തോട്. മാലിന്യം ചീഞ്ഞളിഞ്ഞ് ഇൗച്ചയും കൊതുകും മറ്റ് ജീവികളുമുൾപ്പെടെ പെറ്റുപെരുകി പരിസരവാസികളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്.
തോട്ടിലെ ബണ്ട് ഒഴുക്കിനെ തടസപ്പെടുത്തുന്നു
ഇതിനിടെ തോടിന്റെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞുനിറുത്തുന്നതിനായി തോട്ടിൽ ബണ്ട് കെട്ടിയിരിക്കുന്നു. ബണ്ടുകെട്ടി തോട്ടിലെ വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തിയതോടെ താഴോട്ട് വെള്ളം എത്താത്തതിനാൽ വേനൽക്കാല കൃഷികളെല്ലാം കരിഞ്ഞുതുടങ്ങി. കുടിവെള്ളത്തിനായി താഴ്ത്തിയിട്ടുള്ള കിണറുകളിലും വെള്ളം ഇല്ലാതായതായി. ചിലരുടെ ഭൂമിക്ക് കൂടുതൽ നനവ് കിട്ടുന്നതിനാണ് രാത്രിയുടെ മറവിൽ ബണ്ടുകെട്ടി തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതിയുള്ളത്. തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് നിന്നതോടെ ബണ്ടിന് ഇപ്പുറം തോടിന് സമീപത്തായി താമസിക്കുന്ന നിരവധി വീട്ടുകാർ കൊതുകുശല്യത്താൽ പൊറുതിമുട്ടുകയാണ്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും അനധികൃതമായി തോട്ടിൽ ബണ്ട് കെട്ടിയവർക്കെതിരേയും നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴും അറവുമാലിന്യമടക്കമുള്ള മാലിന്യങ്ങളും, പ്ലാസ്സിക് മാലിന്യങ്ങളുംകൊണ്ട് തോട് നിറയുകയാണ്.
പായിപ്ര, മാനാറി ഭാഗങ്ങളിൽ താമസിക്കുന്നവരുടെ കിണറുകളിൽ ശുദ്ധജലം കിട്ടണമെങ്കിൽ തമ്പലത്തോട്ടിലൂടെ വെള്ളം കൃത്യമായി തടസമില്ലാതെ ഒഴുകണം. തമ്പലത്തോടിന്റെ പ്രതാപകാലത്ത് കടുത്ത വേനലിലും വെള്ളമൊഴുകിയിരുന്നു. അക്കാലം തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നാണ് ആവശ്യം.
തമ്പലത്തോട്ടിൽ അനധികൃതമായി കെട്ടിയ ബണ്ട് പൊളിച്ചുനീക്കി സ്വാഭാവിക ഒഴുക്കുണ്ടാക്കാൻ പായിപ്ര ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണം.
പി.എം. ബാവു,
പൊതുപ്രവർത്തകൻ