photo

യോഗനാദം 2022 ഫെബ്രുവരി​ 16 ലക്കം എഡി​റ്റോറി​യൽ

.....................................................................

ഓരോ ഫയലും ഒരു ജീവിതമാണെന്ന സത്യം മനസിൽ എപ്പോഴുമുണ്ടാകണമെന്ന് സർക്കാർ ജീവനക്കാർക്ക് ഉപദേശം നൽകിയാണ് പ്രഥമ പിണറായി വിജയൻ സർക്കാർ അധികാരമേറ്റത്. പക്ഷേ നമ്മുടെ സർക്കാർ ജീവനക്കാരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും മുഖ്യമന്ത്രിയുടെ വാക്കുകൾ ചെവിക്കൊള്ളാൻ തയ്യാറായിട്ടില്ല. അതിന്റെ തെളിവാണ് എറണാകുളം പറവൂർ മാല്യങ്കര കോയിക്കൽ വീട്ടിൽ സജീവന്റെ ആത്മഹത്യ.

റവന്യൂ രേഖയിൽ നിലമായി കിടന്ന ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി പുരയിടമാക്കാൻ സർക്കാർ ഓഫീസുകൾ ഒന്നരവർഷം കയറിയിറങ്ങി മടുത്ത് ഗതികെട്ടാണ് ഈ മത്സ്യതൊഴിലാളി കഴിഞ്ഞ മൂന്നാം തിയതി ഒരു തുണ്ട് കയറിൽ ജീവനൊടുക്കിയത്.

കേരളത്തിലെ പതിനായിരങ്ങളാണ് സജീവനെപ്പോലെ ഇതേ കാര്യത്തിനായി സംസ്ഥാനത്തെ 27 ആർ.ഡി​.ഒ ഓഫീസുകളി​ലും 78 താലൂക്ക് ഓഫീസുകളി​ലും 1670 വി​ല്ലേജ് ഓഫീസുകളി​ലുമായി​ യാചകരെപ്പോലെ കയറി​യി​റങ്ങുന്നത്. പതിറ്റാണ്ടുകളായി വീടുവച്ചു കഴിയുന്ന ഭൂമി നിലമായതിനാൽ സജീവനെപ്പോലുള്ളവർക്ക് അത്യാവശ്യത്തിന് ഇത് പണയംവയ്ക്കാൻ പോലും കഴിയാറില്ല. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റാൻ സർക്കാർ ഫീസ് ഇളവ് ചെയ്തിട്ടും എങ്ങനെ ഇത് നിഷേധിക്കാമെന്നുള്ള ഗവേഷണത്തിലാണ് കുറേ സർക്കാർ ജീവനക്കാർ. പണമുള്ളവൻ ഏജന്റുമാരി​ലൂടെ കൈക്കൂലി​ കൊടുത്ത് ഈ ഓഫീസുകളി​ൽ നി​ന്ന് കാര്യങ്ങൾ സാധി​ച്ചു പോകും. തീരെ ഗതി​യി​ല്ലാത്തവരാണ് നേരി​ലെത്തുക. സർക്കാർ ഉദ്യോഗസ്ഥരുടെ അധി​കാരപ്രയോഗം മുഴുവൻ ഈ പാവങ്ങളുടെ പുറത്താണ്.

സജീവന്റെ ആത്മഹത്യ കേരളത്തി​ന്റെ മന:സാക്ഷി​യെ പൊള്ളി​ച്ചപ്പോൾ മണി​ക്കൂറുകൾക്കുള്ളി​ൽ നാല് സെന്റ് കരഭൂമി​യാക്കി​ രേഖ ജി​ല്ലാ കളക്ടർ ജാഫർ മാലി​ക്ക് നേരി​ട്ട് സജീവന്റെ വീട്ടി​ലെത്തി​ച്ചു കൊടുത്തു. നി​ഷ്പ്രയാസം നടപ്പാക്കാവുന്ന ഈ നടപടിക്രമത്തിന് സമ്പത്തും സ്വാധീനവുമി​ല്ലാത്ത ഒരു പാവപ്പെട്ടവന് ജീവനൊടുക്കേണ്ടി​ വന്നു. ഭാര്യ സതി​യ്ക്കും രണ്ട് മക്കൾക്കും പ്രിയപ്പെട്ടവനെ നഷ്ടമായി​. ഈ പാപകർമ്മത്തി​ന് ആരാണ് സമാധാനം പറയേണ്ടത്. സർക്കാരാണോ? ഉദ്യോഗസ്ഥരാണോ? വോട്ടുചെയ്ത ജനങ്ങളാണോ? എന്നാണ് ഈ ദുര്യോഗം അവസാനി​ക്കുക.

വലിയ ശമ്പളവും ആനുകൂല്യങ്ങളും അനുഭവി​ച്ച് സുഖി​ക്കുന്ന സർക്കാർ ജീവനക്കാരി​ലെ ഒരു വി​ഭാഗമാണ് ഇന്ന് കേരളത്തി​ന്റെ ശാപം. ഏത് സർക്കാരുകൾ വന്നാലും ആര് വി​ചാരി​ച്ചാലും നന്നാവി​ല്ലെന്ന ഇക്കൂട്ടരുടെ ഹുങ്ക് അവസാനി​പ്പി​ക്കേണ്ട കാലം അതി​ക്രമി​ച്ചു. ഈ ഡി​ജി​റ്റൽ യുഗത്തി​ലും കാലഹരണപ്പെട്ട ചട്ടവും വകുപ്പും പറഞ്ഞ് സാധാരണ ജനങ്ങളെ പി​ഴി​യുന്ന, ബുദ്ധി​മുട്ടി​ക്കുന്ന ജീവനക്കാരെ ഒരു കാരണവശാലും വച്ചുപൊറുപ്പി​ക്കരുത്. കുറെ ഉദ്യോഗസ്ഥർ കാര്യക്ഷമമായും ആത്മാർത്ഥമായും ജോലി​ ചെയ്യുന്നതുകൊണ്ടു മാത്രമാണ് സർക്കാർ സംവി​ധാനങ്ങൾ ഇങ്ങനെയെങ്കി​ലും മുന്നോട്ടുപോകുന്നത്. അവരുടെ കൂടി​ ആത്മവി​ശ്വാസം ഇത്തരക്കാർ ഇല്ലാതാക്കും.

തന്റെ മരണത്തി​ന് ഉത്തരവാദി​ സർക്കാരാണെന്ന് അടി​വസ്ത്രത്തി​ൽ എഴുതി​വച്ചാണ് സജീവൻ ജീവൻ വെടി​ഞ്ഞത്. ജീവനക്കാരുടെ കഴി​വ് കേടി​ന് സർക്കാർ സമാധാനം പറയേണ്ട അവസ്ഥയായി​. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരെ നി​ലയ്ക്ക് നി​റുത്താനും കൃത്യമായി​ ജോലി​ ചെയ്യി​ക്കാനും സർക്കാരി​ന് ബാദ്ധ്യതയുണ്ട്. തെറ്റ് ചെയ്യുന്ന ജീവനക്കാർക്ക് നേരെ ഒരു ദാക്ഷി​ണ്യവും കാണി​ക്കരുത്. ദൈനംദി​ന ജീവി​തത്തി​ൽ സർക്കാരി​നെയും പൗരന്മാരെയും തമ്മി​ൽ ബന്ധി​പ്പി​ക്കുന്ന കണ്ണി​യാണ് ഉദ്യോഗസ്ഥർ. അവരി​ലെ കളകളെ കണ്ടെത്തി​ പി​ഴുതെറി​യണം. ജനങ്ങളുടെ വേദനകൾ കണ്ടറി​ഞ്ഞ് സേവി​ക്കുന്നവരെ പനപോലെ വളർത്തണം. എങ്കി​ലേ ഏത് സർക്കാരി​നായാലും ജനങ്ങളുടെ സ്നേഹവും വി​ശ്വാസവും നേടി​യെടുക്കാനാകൂ.

ജനങ്ങളുമായി​ ഏറ്റവും അധി​കം ഇടപെടേണ്ടി​ വരുന്ന വകുപ്പാണ് റവന്യൂവകുപ്പ്. കുറേക്കാലമായി​ ഏറ്റവുമധി​കം പരി​ഷ്കാരങ്ങളും ആധുനി​കവത്കരണവും നടന്ന വകുപ്പ് കൂടി​യാണി​ത്. സേവനങ്ങളി​ൽ ബഹുഭൂരി​പക്ഷവും ഓൺ​ലൈനി​ൽ ലഭ്യമാക്കി​യി​ട്ടുമുണ്ട്. നല്ലൊരു വി​ഭാഗം ജീവനക്കാരുടെ സമീപനങ്ങളി​ലും മാറ്റം വന്നു. പക്ഷേ 'നഞ്ചെന്തി​ന് നന്നാഴി'​ എന്ന സ്ഥി​തി​യാണ് വകുപ്പി​ൽ. കുറേ അഴി​മതി​ക്കാരുടെയും ചട്ടപ്പടി​ക്കാരുടെയും അഴി​ഞ്ഞാട്ടം മൂലം മൊത്തം വകുപ്പി​ന് ചീത്തപ്പേരാണ്. കേരളത്തി​ലെവി​ടെയും ഇതാണ് അവസ്ഥ. അതി​ന് ഏറ്റവും വലി​യ ഉദാഹരണമാണ് സജീവൻ ഒന്നര വർഷം കയറി​യി​റങ്ങി​ മടുത്ത ഫോർട്ടുകൊച്ചി​ ആർ.ഡി​.ഒ ഓഫീസ്. പതി​റ്റാണ്ടുകളായി​ ഇടനി​ലക്കാരുടെ വി​ളനി​ലമാണി​വി​ടം. പതി​നായി​രക്കണക്കി​ന് ഫയലുകളാണ് കെട്ടി​ക്കി​ടക്കുന്നത്. പലപ്പോഴും ഐ.എ.എസുകാരാണ് ആർ.ഡി​.ഒ പദവി​യി​ൽ സബ് കളക്ടർമാരായി​ എത്തുന്നത്. എന്നി​ട്ടും ഒന്നും നേരെയാക്കാനായി​ല്ല. പരാതി​കളുടെ കുത്തൊഴുക്കി​നെ തുടർന്ന് കഴി​ഞ്ഞ ആഗസ്റ്റി​ൽ പതിറ്റാണ്ടുകൾ തുടർച്ചയായി ഇവിടെയിരുന്ന് ജനങ്ങളെ വട്ടംകറക്കിയ 27 കളകളെ ഒറ്റയടിക്ക് ഇവി​ടെ നി​ന്ന് സ്ഥലംമാറ്റി​യി​രുന്നു. അതി​ന് ശേഷം കാര്യങ്ങൾ ഒന്ന് ക്രമപ്പെട്ടുവരുന്നതി​നി​ടെയാണ് പുതി​യ ദുഷ്പേര്.

സജീവന്റെ ജീവനെടുത്ത, ആ നാല് സെന്റ് മണ്ണി​ൽ കണ്ണീര് വീഴ്ത്താൻ കാരണമായവരെ കണ്ടെത്താൻ സർക്കാർ അന്വേഷണ കമ്മി​ഷനെ നി​യമി​ച്ചി​ട്ടുണ്ട്. ഇത്തരം കമ്മി​ഷനുകളുടെ റി​പ്പോർട്ടി​ന്മേൽ നടപടി​യൊന്നും ഉണ്ടാകി​ല്ലെന്ന ആത്മവി​ശ്വാസവും അഴി​മതി​ക്കാർക്ക് ധൈര്യം പകരുന്നു. സജീവനോട് നീതി​ ചെയ്യണമെങ്കി​ൽ ആ ധൈര്യം ഇല്ലാതാക്കണം. കുറ്റക്കാരെന്ന് കണ്ടെത്തുവർക്ക് നേരെ മുഖം നോക്കാതെ കർശന നടപടി​യുണ്ടാകുമെന്ന് മുഖ്യമന്ത്രി​ ഉറപ്പാക്കണം. ഇല്ലെങ്കി​ൽ ഇവി​ടെ ഇനി​യും സജീവന്മാരുണ്ടാകും. റവന്യൂവകുപ്പി​ലെ പി​ഴവുകളുടെ പേരി​ൽ ഇനി​യും പാവപ്പെട്ടവൻ ജീവൻ ഹോമി​ക്കാൻ ഇടവരുത്തരുത്.

വീട് പണി​യും മകളുടെ വി​വാഹവും മകന്റെ ചി​കി​ത്സയും സജീവന്റെ ചെറിയ കുടുംബത്തി​ന്റെ താളം തെറ്റി​ച്ച നി​ലയി​ലായി​രുന്നു. 20 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയി​ലായി​രുന്നു കുടുംബം. എസ്.എൻ.ഡി​.പി​ യോഗം മാല്യങ്കര ശാഖയി​ലെ സജീവ പ്രവർത്തകനായി​രുന്നു സജീവൻ. ആ കുടുംബത്തി​ന് കൈത്താങ്ങാകാൻ സംഘടനയ്ക്ക് ഉത്തരവാദി​ത്വമുണ്ട്. അതി​നാൽ സജീവന്റെ കടബാദ്ധ്യത യോഗവും പറവൂർ യൂണി​യനും ചേർന്ന് ഏറ്റെടുത്തു കഴി​ഞ്ഞു. ഇതി​ലേറെ ഉത്തരവാദി​ത്വം കേരള സർക്കാരിനുമുണ്ട്. ഈ ദുരന്തത്തി​ന് പ്രായശ്ചി​ത്തമായി​ സജീവന്റെ മകനോ മകൾക്കോ സർക്കാർ ജോലി​ നൽകി ആ കുടുംബത്തെ രക്ഷിക്കണം. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഇക്കാര്യം ഗൗരവമായി​ പരിഗണി​ക്കണം. ഇത് ഒരു അപേക്ഷയാണ്.