
കൊച്ചി: വേനൽക്കാലത്ത് മികച്ച ഡിമാൻഡോടെ ലാഭക്കൊയ്ത്ത് നടത്താറുള്ള പഴംവിപണി ഇക്കുറി പക്ഷേ, കൊവിഡിന്റെ ചൂടിൽ വാടിവീണു. മുൻമാസങ്ങളിലെ തളർച്ചയിൽ നിന്ന് വിപണി മെല്ലെ നേട്ടത്തിലേക്ക് കരകയറവേയാണ് കൊവിഡിന്റെ മൂന്നാംതരംഗം തിരിച്ചടിയായത്. പകുതിയോളം കച്ചവടമാണ് മൂന്നാംതരംഗത്തിൽ നഷ്‌ടമായതെന്നും വൈകുന്നേരത്തിന് ശേഷം കച്ചവടം തീരെയില്ലെന്നും കച്ചവടക്കാർ പറയുന്നു.
വിലവിവരം
സീസൺ ആയതിനാൽ ചില പഴങ്ങൾക്ക് വില കുറഞ്ഞിട്ടുണ്ട്.
മുന്തിരി വൈറ്റ് - 100
മുന്തിരി ബ്ലാക്ക് - 140
ഓറഞ്ച് - 85
ഗ്രീൻ ആപ്പിൾ - 280
പിങ്ക് ആപ്പിൾ - 280
ഗാല ആപ്പിൾ- 240
മാതളം - 240
പൈനാപ്പിൾ - 55
തണ്ണിമത്തൻ - 36
സ്ട്രോബറി - 90
ബ്ലൂബറി - 300
പപ്പായ - 50
ഞാലിപ്പൂവൻ- 60
ഏത്തപ്പഴം- 56
റോബസ്റ്റ- 40
പാളയംകോടൻ- 40
വിലകുറയും
ഓറഞ്ച്, മുന്തിരി, തണ്ണിമത്തൻ എന്നിവയുടെ വില, സീസൺ ആയതിനാൽ ഇനിയും കുറഞ്ഞേക്കും. പപ്പായയ്ക്ക് വില കൂടിയിട്ടുണ്ട്. നേരത്തെ 36 രൂപയായിരുന്നത് ഇപ്പോൾ 50ലെത്തി. വിദേശ ആപ്പിളാണ് ഇപ്പോൾ കൂടുതലും വിപണിയിലുള്ളത്. ഇന്ത്യൻ ആപ്പിളിന്റെ സീസൺ കഴിഞ്ഞു.
റംബൂട്ടാനും മാങ്ങയും വൈകും
റംബൂട്ടാന്റെയും മാങ്ങയുടെയും സീസൺ ആയിട്ടില്ല. മാങ്ങയും റംബൂട്ടാനും ഒരുമിച്ചാണ് എത്തുക. ജൂണോടെ ഇവ സുലഭമാകും. മാങ്ങ പാലക്കാട്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് വരവ്. ഇക്കുറി മാവുകളും പ്ളാവുകളും വൈകിയാണ് പൂത്തത്. മഴയും മഴക്കാറും പൂക്കൾ കൊഴിക്കുകയും ചെയ്തിട്ടുണ്ട്.
''കച്ചവടം തീരെ മോശമാണ്. പലരും ഓൺലൈനിൽ പഴങ്ങൾ വാങ്ങാൻ തുടങ്ങിയതോടെ കച്ചവടക്കാർ പ്രതിസന്ധിയിലാണ്. വില ഇനിയും കുറയാൻ സാദ്ധ്യതയുണ്ടെങ്കിലും കച്ചവടം എങ്ങനെയാകുമെന്ന് അറിയില്ല""
സാജു ജോസഫ്,
വ്യാപാരി,
മറൈൻഡ്രൈവ്