
കൊച്ചി: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികപീഡനങ്ങൾ തടയാനുള്ള നിയമപ്രകാരം ചലച്ചിത്ര മേഖലയിലെ സംഘടനകൾ ആഭ്യന്തര പരാതിപരിഹാര സമിതികൾക്ക് രൂപം നൽകണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. താര സംഘടന അമ്മ, കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്‌സ്, ഫെഫ്‌ക, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, മാക്ട തുടങ്ങിയ സംഘടനകൾ സമിതികൾക്ക് രൂപം നൽകണമെന്നാണ് വനിതാ കമ്മിഷന്റെ ശുപാർശ. സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ ഹർജിയിലാണ് കമ്മിഷൻ സ്റ്റേറ്റ്മെന്റ് നൽകിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി മാർച്ച് രണ്ടിലേക്കു മാറ്റി.
കബനി ഫിലിംസ് തങ്ങളുടെ '1744 വൈറ്റ് ആൾട്ടോ' എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആഭ്യന്തര പരാതിപരിഹാര സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. നിർമ്മാണ കമ്പനികൾ സമിതികൾക്ക് രൂപം നൽകുന്നതു സ്വാഗതാർഹമാണെങ്കിലും ഇവയുടെ പ്രവർത്തനം സുഗമമാക്കാൻ മേൽനോട്ട സംവിധാനം അനിവാര്യമാണെന്നു സ്റ്റേറ്റ്മെന്റിൽ പറയുന്നു.
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ തടയുന്നതിനുള്ള നിയമം തങ്ങൾക്ക് ബാധകമല്ലെന്ന് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സും ഫെഫ്കയും മറുപടി സത്യവാങ്മൂലം നൽകിയിരുന്നു. മറ്റു കക്ഷികളായ മാക്ട, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങിയവ ഇതുവരെ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
സിനിമാ പ്രവർത്തകരായ സ്ത്രീകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച ശുപാർശകളിൽ ചലച്ചിത്ര അക്കാഡമി, ചലച്ചിത്ര വികസന കോർപ്പറേഷൻ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് എന്നിവരോടു സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കമ്മിഷൻ വിശദീകരിച്ചു.