stadium

കൊച്ചി: കായികകേരളത്തിന്റെ അഭിമാനമായിരുന്ന കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം പരിസരമലിനീകരണത്താൽ നാണംകെട്ട് തലകുനിക്കുന്നു. ഇന്ത്യയി​ലെ നാലാമത്തെ വലി​യ സ്റ്റേഡി​യത്തിന്റെ പരിസരം കാടുകയറി​ നാശോന്മുഖമായി​ട്ടും ഉടമകളായ ജി​.സി​.ഡി​.എയ്ക്ക് കണ്ടമട്ടി​ല്ല.

മാലിന്യവും മറ്റു ഉപയോഗശൂന്യവസ്‌തുക്കളും ഉൾപ്പെടെ ആർക്കും എന്തുംതള്ളാനുള്ള സ്ഥലമായി സ്റ്റേഡിയം മാറി. കേരള പൊലീസിന്റെ പൊട്ടിപ്പൊളിഞ്ഞ വാഹനങ്ങൾ,​ കെ.എസ്.ഇ.ബിയുടെ കോൺക്രീറ്റും ഇരുമ്പ് തൂണുകളും ഉൾപ്പെടെ അതിൽകാണാം. പ്രധാന കവാടത്തിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാലുള്ള കാഴ്ചകളിൽ രണ്ടു പൊട്ടക്കിണറുകൾ, കാടുമൂടി കിടക്കുന്ന ജനറേറ്റർ റൂം, ചപ്പുചവറും പ്ലാസ്റ്റിക് മാലിന്യങ്ങളും കുമിഞ്ഞുകൂടിയ വൃക്ഷചുവട്, പാതയോരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറുകളും മദ്യക്കുപ്പികളും, വേലികെട്ടിത്തിരിച്ചിട്ടും സംരക്ഷണമില്ലാതെ വരണ്ടുണങ്ങിയ പൂന്തോട്ടം, അടച്ചുപൂട്ടിയ ടോയ്ലറ്റുകൾ, പൊട്ടിപ്പൊളിഞ്ഞ വരാന്ത, വരാന്തയിലേക്ക് ഇറക്കിവച്ചിരിക്കുന്ന കടകൾ, അലക്ഷ്യമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ തുടങ്ങി എണ്ണമറ്റ വൈകൃതങ്ങൾ കാണാം. സ്റ്റേഡിയത്തിന്റെ പരിസരത്തെ അംഗീകൃത പാർക്കിംഗ് ഗ്രൗണ്ടുകൾ കാടുകയറി.

മരത്തണലിൽ പ്ലാസ്റ്റിക് മാലിന്യം

സ്റ്റേഡിയത്തിന് മുമ്പിലെ മരങ്ങൾക്ക് 19 വയസാണ് പ്രായം. മാതാ അമൃതാനന്ദമയിയുടെ 50-ാം ജന്മദിനത്തോടനുബന്ധിച്ച് 2003ൽ ഭക്തർ നട്ട മരത്തൈകളാണ് സ്റ്റേഡിയം പരിസരത്ത് വളർന്ന് തണലേകി നിൽക്കുന്നത്. ഇപ്പോൾ ഒട്ടുമിക്ക മരച്ചുവട്ടിലും പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടി. ആളുകൾക്ക് ഇരിക്കാനും മരച്ചുവട് സംരക്ഷിക്കാനുമായി കെട്ടിയതറ പൊട്ടിപ്പൊളിഞ്ഞു. ഒരു മരത്തിന്റെ ഉള്ളിലേക്ക് വിളക്കുകാൽ തുളച്ചുകയറിയിട്ടുമുണ്ട്.

26-ാം പിറന്നാൾ

ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ 26ാം പിറന്നാളായിരുന്നു. 1996 ഫെബ്രുവരി 14ന് രാഷ്ട്രപതി ശങ്കർദയാൽ ശർമ്മയാണ് ഉദ്ഘാടനം ചെയ്‌തത്. 1994 മാർച്ച് 27ന് മുഖ്യമന്ത്രി കെ.കരുണാകരൻ ശിലാസ്ഥാപനം നടത്തി 515 ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി. വലിപ്പത്തിൽ രാജ്യത്ത് നാലാംസ്ഥാനത്താണ് ഈ സ്റ്റേഡിയം. 70,000 പേർക്ക് ഇരിക്കാം. നിരവധി അന്താരാഷ്ട്ര ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങൾ അരങ്ങേറിയിട്ടുണ്ട്. സച്ചിൻ ടെൻഡുൽക്കറുടെ ഗംഭീരപ്രകടനങ്ങൾക്ക് പലവട്ടം കലൂർ സ്‌റ്റേഡിയം വേദിയായിട്ടുണ്ട്.