
കൊച്ചി: കൊച്ചി മെട്രോയുടെ പേട്ടമുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള റെയിൽപാതയിലെ ആദ്യ ട്രയൽ റൺ വിജയകരം. ഞായർ രാത്രി 12ന് ആരംഭിച്ച ട്രയൽ റൺ പുലർച്ചെ 4.30നാണ് അവസാനിച്ചത്. പേട്ടയിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് 'വൈഗ" എന്ന ആറാംനമ്പർ ട്രെയിൻ യാത്ര തുടങ്ങിയത്.
മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചായിരുന്നു ട്രാക്ക് പരിശോധന. രാത്രി 12ന് ആരംഭിച്ച ആദ്യപരീക്ഷണ ഓട്ടം വിജയകരമായി 12.56ന് എസ്.എൻ ജംഗ്ഷനിലെത്തി. 1.01ന് പേട്ടയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 12നും ട്രയൽ റൺ തുടർന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് നിർമ്മിക്കുന്ന ആദ്യപാതയാണ് രണ്ടു കിലോമീറ്റർ നീളമുള്ള പേട്ട - എസ്.എൻ ജംഗ്ഷൻ ഭാഗം. 2019 ഒക്ടോബറിലാണ് നിർമ്മാണം ആരംഭിച്ചത്. ആദ്യഘട്ട നിർമ്മാണം ഡെൽഹി മെട്രോ റെയിൽ കോർപ്പറഷനായിരുന്നു.