കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ ഹരിതകർമ്മസേന അജൈവമാലിന്യ സംസ്‌കരണം തുടങ്ങി. സർക്കാരിന്റെ ഹരിതകർമ്മ കലണ്ടർ പ്രകാരം എല്ലാ പ്രവർത്തനങ്ങളും മാതൃകാപരമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എല്ലാ മാസങ്ങളിലും എടുത്തുവരുന്ന പ്ലാസ്​റ്റിക് മാലിന്യത്തിനുപുറമേ 15 മുതൽ 25വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എഴുപതോളം മാലിന്യശേഖരണ ഇടങ്ങൾ ക്രമീകരിക്കും.

കഴിഞ്ഞമാസം പഞ്ചായത്തിലെ വീടുകളിൽനിന്ന് അഞ്ചുടണ്ണോളം കുപ്പിച്ചില്ലുകൾ ശേഖരിച്ചിരുന്നു. ഈ മാസം ചെരിപ്പ്, തുണി, ബാഗ്, തെർമ്മോകോൾ, ലെതർ, ടയർ മുതലായ മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. പഞ്ചായത്തിലെ കളക്ഷൻ പോയിന്റുകളും കൂടുതൽ വിവരങ്ങളും അറിയാൻ പഞ്ചായത്ത് മെമ്പർമാരുമായോ, ഹരിതകർമ്മസേനാ പ്രവർത്തകരുമായോ ബന്ധപ്പെടണമെന്ന് പ്രസിഡൻറ് ഡീന ദീപക് അറിയിച്ചു.