
കളമശേരി: പെരിയാർ ഇന്നലെ വീണ്ടും കറുത്തൊഴുകി. രാവിലെ 11ഓടെയാണ് മാറ്റംകണ്ടത്. നാട്ടുകാർ വിളിച്ചറിയിച്ചപ്പോൾ മലിനീകരണ നിയന്ത്രണ ബോർഡ് ജീവനക്കാരെത്തി സാമ്പിൾ ശേഖരിച്ചു. പരിശോധനാഫലം വന്നാലെ കാരണമറിയാനാകൂ എന്ന് ജീവനക്കാർ വ്യക്തമാക്കി. ജനുവരി 9നും 10 നും എണ്ണപ്പാടയും കാർബൺ തരികളും വന്നതിന്റെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. പുതുവർഷത്തിൽ ഇത് നാലാം തവണയാണ് പെരിയാറിന്റെ നിറംമാറുന്നത്.
വെട്ടുകടവ്, മേത്താനം, വരാപ്പുഴപാലംവരെ പുഴ കറുത്തിരുണ്ടൊഴുകുകയാണ്. രണ്ടു നഗരസഭകളും സമീപ പഞ്ചായത്തുകളും പ്രമുഖ വ്യവസായ ശാലകളും കുടിവെള്ളത്തിന് ആശയിക്കുന്നത് പെരിയാറിനെയാണ്. ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തന ഉപകരണങ്ങളടക്കമുള്ള ബോട്ടുകളും മറ്റും കൊണ്ടു പോകുന്നതിനായി ഷട്ടർ തുറന്നിട്ടതോടെ കെട്ടി കിടന്നിരുന്ന രാസവസ്തുക്കൾ കലർന്ന കരിനിറമുള്ള വെള്ളം കുത്തിയൊലിച്ച് പുഴ നിറഞ്ഞൊഴുകുകയായിരുന്നു. ആവർത്തിക്കാതിരിക്കാനും പെരിയാറിനെ രക്ഷിക്കാനും വേണ്ട കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരിനോ ഉദ്യോഗസ്ഥർക്കോ കഴിഞ്ഞിട്ടില്ല.