കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്രിലായ യുവാക്കൾ മയക്കുമരുന്ന് ഗുളിക മുതൽ എം.ഡി.എം.എ വരെ സൂക്ഷിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മയക്കുമരുന്ന് ഗുളികയായ നൈട്രോസെപാമാണ് ഒടുവിലായി പെൺകുട്ടികൾക്ക് നൽകിയത്. മൂന്ന് പെൺകുട്ടികളിൽ ഒരാൾ ഈ ഗുളിക വായിൽ ഒളിപ്പിച്ചശേഷം തുപ്പിക്കളഞ്ഞതായി പൊലീസിന് മൊഴി നൽകി. പ്ലസ് വൺ മുതൽ വിദ്യാർത്ഥിനികൾക്ക് യുവാക്കൾ ലഹരിമരുന്ന് നൽകിയിരുന്നു. 'ലൈഫ് ചില്ലാകാൻ' വേണ്ടിയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നാണ് പ്രതികൾ പറയുന്നത്. മൂന്ന് പെൺകുട്ടികളിൽ ഒരാൾ മാത്രമേ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുള്ളൂ. ഈ കുട്ടി പ്രതികളിൽ ഒരാളുടെ അടുത്ത സുഹൃത്താണ്.

തൃപ്പൂണിത്തുറ സ്വദേശികളായ അരഞ്ഞാണിയിൽ വീട്ടിൽ ജിത്തു (29), പെരുമ്പള്ളിയിൽ വീട്ടിൽ സോണി (25) എന്നിവരാണ് പോക്സോ കേസിൽ അറസ്റ്റിലായത്. കൂടുതൽ പെൺകുട്ടികളെ ഇവർ വലയിൽ വീഴ്ത്തിയിട്ടുണ്ടാകുമെന്ന സംശത്തെത്തുടർന്ന് ഫോൺകോൾ രേഖകൾ പരിശോധിച്ച് വരികയാണ്. രണ്ടാഴ്ചത്തെ സി.ഡി.ആറാണ് ശേഖരിച്ചിട്ടുള്ളത്. കലൂ‌ർ പാവക്കുളം ക്ഷേത്രത്തിന് സമീപം പ്രതികൾ ഓടിച്ചിരുന്ന കാർ ഇടിച്ച് കൊച്ചി നഗരത്തിലെ ശുചീകരണ തൊഴിലാളി മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് പ്രതികൾ പെൺകുട്ടികളെ കഞ്ചാവ് നൽകി പീഡിപ്പിച്ച വിവരം പൊലീസിന് ലഭിക്കുന്നത്. ജിത്തു മെഡിക്കൽ റെപ്രസന്റേറ്റീവാണ്. സോണി കൊച്ചി കപ്പൽശാലയിലെ കാരാർ ജീവനക്കാരനാണ്. ഇയാളാണ് ലഹരിമരുന്ന് സംഘടിപ്പിച്ചിരുന്നത്. ഇവരുടെ സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.