
37 വർഷത്തിന് ശേഷം സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊച്ചി വേദിയാകുന്നു.
കൊച്ചി: എറണാകുളത്ത് 37 വർഷത്തിന് ശേഷം നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം കൊവിഡ് പരിമിതികൾക്കുള്ളിൽ നിന്ന് മഹാമേളയാക്കാൻ പാർട്ടിയും അണികളും അരയുംതലയും മുറുക്കിരംഗത്ത്. കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചാൽ അതിനനുസരിച്ച് പരിപാടികൾ വിപുലമാക്കും.
1985 നവംബർ 20-24 തീയതികളിലായി എറണാകുളം ടൗൺ ഹാളിലും മണപ്പാട്ടിപ്പറമ്പിലുമായിരുന്നു ഇതിനുമുമ്പത്തെ സംസ്ഥാന സമ്മേളനം. ഉദ്ഘാടകൻ ജനറൽ സെക്രട്ടറി ഇ.എം.എസ് നമ്പൂതിരിപ്പാടും.
ഒരുക്കങ്ങൾ ഊർജിതം
16 ഏരിയ, 163 ലോക്കൽ, 3030 ബ്രാഞ്ച് തലങ്ങളിൽ സ്വാഗതസംഘങ്ങൾ രൂപീകരിച്ച് ഓഫീസുകൾ തുറന്നു.
ബ്രാഞ്ചുകൾ കേന്ദ്രീകരിച്ച് പ്രാദേശികമായി പാർട്ടിക്ക് വേണ്ടി ജീവിതം സമർപ്പിച്ച 12,343 പേരുടെ ഓർമ്മയ്ക്കായി പ്രചാരണ ഗേറ്റുകൾ, കമാനങ്ങൾ, സ്തൂപങ്ങൾ തുടങ്ങിയവ സ്ഥാപിച്ചു.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് 16 ഏരിയകളിലും സെമിനാറുകൾ ഒഴിവാക്കി
21ന് ബ്രാഞ്ചുകളിലെ പതിനായിരത്തോളം കേന്ദ്രങ്ങളിലും ലോക്കൽ, ഏരിയാ കേന്ദ്രങ്ങളിലും സമ്മേളന പതാക ഉയർത്തും.
24ന് ലോക്കൽ തലത്തിൽ വിളംബര ജാഥകൾ.
16, 17 തീയതികളിൽ പാർട്ടി സംസ്ഥാന, ജില്ലാ നേതാക്കൾ ഏരിയാ തലത്തിൽ ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച സമ്മേളന ഫണ്ട് ഏറ്റുവാങ്ങും.
15ന് റെഡ്@കൊച്ചി എന്ന വെബ് മാഗസിൻ പ്രകാശനം. 21 മുതൽ ഇതേപേരിൽ സായാഹ്നപത്രം ഇറക്കും.
അഞ്ചുലക്ഷം പേർ ജില്ലയിൽ ഓൺലൈനായി സമ്മേളനത്തിന് സാക്ഷ്യം വഹിക്കും.
സമ്മേളനദിന പരിപാടികൾ
മാർച്ച് ഒന്ന്:
സെമിനാർ: ഫെഡറലിസവും മതനിരപേക്ഷതയും
നാടകം: ഇതിഹാസം. ഷേക്സ്പിയറിന്റെ ജീവചരിത്രനാടകം. തിരുവനന്തപുരം സൗപർണിക.
മാർച്ച് രണ്ട്:
നാടകം: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. കെ.പി.എ.സി
മാർച്ച് മൂന്ന്:
സെമിനാർ, നൃത്തശില്പം: എ.കെ.ജിയുടെ ജീവചരിത്രം. ശ്രീശങ്കര സംസ്കൃത സർവകലാശാലാ ടീം.
അഭിമന്യു നഗർ: ചരിത്രപ്രദർശനം. 11 ലക്ഷത്തോളം പേരെ നാസികൾ കൊന്നുതള്ളിയ പോളണ്ടിലെ ഓഷ്വിറ്റ്സ് ക്യാമ്പിലെ ചിത്രങ്ങളുടെ പ്രദർശനം.