school

കൊച്ചി: രണ്ടുവർഷത്തിനുശേഷം കളികളും പാട്ടും കൈയ്യടികളുമായി അങ്കണവാടി മുറ്റങ്ങൾ. ജില്ലയിലെ 2,858 അങ്കണവാടികളും ഇന്നലെ തുറന്നു. പതിനഞ്ച് കുട്ടികളിൽ കൂടുതലുള്ളവയി​ൽ ബാച്ച് തിരിച്ചാണ് ക്ലാസ്. ഉച്ചഭക്ഷണ വിതരണമടക്കം കൊവിഡ് ചട്ടങ്ങൾപാലിച്ച് ബാച്ചുകളായി നൽകണം. പകുതി കുട്ടികൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലും ബാക്കിയുള്ളവർ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും എത്തും. എല്ലാ അങ്കണവാടികളും അണുവിമുക്തമാക്കിയി​രുന്നു.

ഒന്നരമീറ്റർ അകലം പാലിച്ചാണ് കുട്ടികളെ ക്ലാസിലിരുത്തിയത്. ഒരു ബെഞ്ചി​ൽ രണ്ടുകുട്ടി​കൾ. രാവിലെ 10 മുതൽ 12.30 വരെയായിരുന്നു ക്ലാസ്. കൊവിഡ് മാനദണ്ഡങ്ങൾ കളികളായോ പാട്ടുകളായോ പഠിപ്പിക്കുന്നുണ്ട്. ഇവ ഓർമ്മപ്പെടുത്താൻ കാർട്ടൂൺ രൂപത്തിലുള്ള പോസ്റ്ററുകളും സ്റ്റിക്കറുകളും സജ്ജമാക്കിയിരുന്നു.


വീണ്ടും ഫസ്റ്റ്ബെൽ
ജില്ലയിലെ സ്‌കൂളുകളിലും ചെറിയ ഇടവേളയ്ക്ക് ശേഷം ക്ലാസുകൾ തുടങ്ങി. ഒന്നാം ക്ലാസ് മുതൽ ഒമ്പത് വരെയുള്ള വിദ്യാർത്ഥികൾ 23 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് സ്‌കൂളിൽ ഹാജരായത്. 10 മുതൽ 12 വരെയുള്ള കുട്ടികൾക്ക് 19 വരെ ക്ലാസുകൾ തുടരും. ശേഷം 21 മുതൽ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി വൈകിട്ടുവരെ ക്ലാസ് ആരംഭിക്കും.

ഈ മാസവും അടുത്തമാസവും പൊതു അവധിദിവസങ്ങൾ ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിനമാണ്. മൂന്നാംതരംഗത്തിൽ ജനുവരി 21നാണ് സ്‌കൂൾ പൂട്ടിയത്.

"അങ്കണവാടിയിൽ എത്തുന്ന കുട്ടികളുടെ കണക്ക് എടുക്കും. താത്പര്യമുള്ള കുട്ടികൾ വന്നാൽ മതി​. ആയമാരും ടീച്ചർമാരും കുട്ടികളുമായി വരുന്നവരും വാക്സിൻ എടുത്തിരിക്കണം"

കെ.ബി. സൈന,

ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ, എറണാകുളം.

"സ്കൂളിൽ എല്ലാ കുട്ടികളും എത്തിയിരുന്നു. ആരും ആശങ്കയുള്ളതായി പറഞ്ഞില്ല. 21 മുതൽ എല്ലാവർക്കും റഗുലർ ക്ലാസുകൾ തുടങ്ങും"

കെ.എ. ലീസാമ്മ

ഹെഡ്മിസ്ട്രസ് ഇൻ-ചാർജ്

ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, എറണാകുളം.

"ഇപ്പോൾ ആശങ്കയില്ല. എന്നാൽ 21 മുതൽ എല്ലാകുട്ടികളും എത്തിത്തുടങ്ങുമ്പോഴാണ് ആശങ്ക വർദ്ധിക്കുന്നത്. ഇക്കാര്യം ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിക്കും"

സി. പ്രദീപ്,

ജനറൽ സെക്രട്ടറി, കെ.പി.എസ്.ടി.എ