പറവൂർ: നഗരത്തിൽ ഏഴ് പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന സമൂഹം ഹൈസ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കായികവിനോദത്തിന് കർമ്മപദ്ധതി ആവിഷ്കരിച്ചതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ആദ്യഘട്ടത്തിൽ 36 ലക്ഷം രൂപ ചെലവിൽ സ്കുളിന് മുൻവശത്ത് ഇരുഭാഗങ്ങളിലുമായി വോളിബാൾ, ബാസ്കറ്റ് ബാൾ, ക്രിക്കറ്റ് പിച്ച്, ബാഡ്മിന്റൺ, ടെന്നീസ്, കബഡി കോർട്ടുകൾ ഒരുക്കും. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള പ്രത്യേകസൗകര്യമുണ്ടാക്കും. പ്രധാനകവാടം ആർച്ച് മാതൃകയിൽ നിർമ്മിച്ച് പ്രധാനകെട്ടിടംവരെ ടൈൽ വിരിക്കും. 100 ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും. കെട്ടിടങ്ങൾക്കും കളിസ്ഥലങ്ങൾക്കും തടസമില്ലാത്ത രീതിയിലാകും ഇവ നടുക. സ്കൂളിന്റെ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാകും തുടർന്നുള്ള ഘട്ടങ്ങളിൽ നടത്തുക.
വാർത്താസമ്മേളനത്തിൽ മാനേജ്മെന്റ്കമ്മിറ്റി ഭാരവാഹി ജി. ചന്ദ്രശേഖരൻ. ഹെഡ്മിസ്ട്രസ് എൻ.പി. വിജയലക്ഷ്മി, സീനിയർ അദ്ധ്യാപിക രമാ ഗോപിനാഥ്, പൂർവ്വവിദ്യാർത്ഥി സംഘടന പ്രതിനിധി എസ്.ബി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.