ആലുവ: ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാളുടെ മരണത്തിന് ഇടയാക്കിയ കാർ ഓടിച്ചിരുന്നത് 16കാരനാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. കാറിലുണ്ടായിരുന്ന അഞ്ചംഗ സംഘത്തിൽ ബിരുദ വിദ്യാർത്ഥി കൊടുങ്ങല്ലൂർ ലോകമലേശ്വരം ചന്ദനപ്പറമ്പിൽ അൽത്താഫ് (20) ഒഴികെയുള്ളവരെല്ലാം പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികളാണ്.

കൊടുങ്ങല്ലൂർ സെന്റ് ജോസഫ് സ്കൂളിൽ പ്ളസ് വൺ​ വി​ദ്യാർത്ഥിയായ ചന്തപ്പുര സ്വദേശിയായ 16കാരനാണ് കാർ ഓടിച്ചിരുന്നത്. ഞായറാഴ്ച സംഭവശേഷം കാറിലുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയപ്പോൾ ഡ്രൈവിംഗ് ലൈസൻസുള്ള അൽത്താഫാണ് കാർ ഓടിച്ചിരുന്നതെന്നാണ് പറഞ്ഞത്. അതിനാൽ എഫ്.ഐ.ആറിൽ അൽത്താഫിന്റെ പേരാണ് ചേർത്തത്. സി.സി ടി.വി ദൃശ്യത്തിന്റെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് 16കാരനെ തിരിച്ചറിഞ്ഞതെന്ന് ആലുവ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു.

ദേശീയപാതയിൽ മുട്ടം തൈക്കാവിന് സമീപമായി​രുന്നു അപകടം. എടത്തല നൊച്ചിമ പള്ളിക്കുടിവീട്ടിൽ പി.എ. ബക്കറാണ് (62) മരിച്ചത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കാറിന്റെ ആർ.സി ഉടമ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി അബ്ദുൾ ഹക്കീം, വാടകയ്ക്ക് നൽകിയ ഏജന്റ് ഹക്കീമിന്റെ സഹോദരീപുത്രൻ സാലിഹ് എന്നിവരും കേസിൽ പ്രതികളാണ്. കാർ ഓടിച്ച 16കാരനെതിരെ അശ്രദ്ധമായി​ ഡ്രൈവ് ചെയ്ത് മനപ്പൂർവമല്ലാതെയുള്ള നരഹത്യയ്ക്ക് 304 എ പ്രകാരവും ഹക്കീമിനും സാലിഹി​നുമെതിരെ പ്രായപൂർത്തി​യാവർ അപകടങ്ങൾ സൃഷ്ടി​ക്കുമ്പോൾ രക്ഷി​താക്കൾക്കെതി​രെയുള്ള 199എ പ്രകാരവുമാണ് കേസ്.