ആലുവ: ഹൃദ്രോഗിയായ വർക്ക്ഷോപ്പ് ഉടമയെ ഭീഷണിപ്പെടുത്തുന്നത് ചോദ്യം ചെയ്തയാൾക്കെതിരെയും പൊലീസിനെതിരെയും ട്രാൻസ്ജെൻഡറുടെ പരാതി. കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും ആരോപിച്ച് എ.എസ്.ഐ ട്രാൻസ്ജെൻഡർക്കെതിരെയും പരതി നൽകി. സംഭവത്തിൽ ആലുവ സി.ഐ എൽ. അനിൽകുമാർ അന്വേഷണം ആരംഭിച്ചു.

സംഭവം ഇങ്ങനെ: കളമശേരി സ്വദേശിനിയായ ട്രാൻസ്ജെൻഡർ പതിവായി സന്ധ്യക്ക് പുളിഞ്ചോട് മെട്രോസ്റ്റേഷൻ പരിസരത്തുണ്ടാകും. കഴിഞ്ഞദിവസം രാത്രിയിൽ സമീപത്തെ ലോറി വർക്ക്ഷോപ്പിൽ ചങ്ങലക്കിട്ടിരുന്ന നായ ചങ്ങലപൊട്ടിച്ച് ഇവരെ ആക്രമിക്കാൻ ശ്രമിച്ചു. രക്ഷപെട്ട ഇവർ വിവരം പറയാൻ ഇന്നലെ ഉച്ചയോടെ വർക്ക്ഷോപ്പിലെത്തി. ഹൃദ്രോഗിയായ ഉടമ പട്ടേരിപ്പുറം സ്വദേശി ജോൺ ഒരു മാസത്തെ അവധിക്കുശേഷം ഇന്നലെ എത്തിയതേ ഉണ്ടായിരുന്നുള്ളു. അന്വേഷിക്കാമെന്ന് പറഞ്ഞിട്ടും പുറത്തേക്കിറങ്ങാതെ ഇവർ ബഹളംവച്ചു. ഈ സമയം സമീപവാസിയും ചുമട്ടുതൊഴിലാളിയുമായ ജയകുമാർ ഇവരോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ട് വടിയെടുത്തു.

ഇതോടെ വർക്ക്ഷോപ്പിന് പുറത്തിറങ്ങിയ ഇവർ റോഡിൽക്കിടന്ന കരിങ്കൽക്കഷ്ണമെടുത്ത് സ്വയം തലക്കടിച്ച് പൊട്ടിച്ചുവെന്ന് ജയകുമാറും പരിസരത്തെ കച്ചവടക്കാരും പറയുന്നു. തുടർന്ന് കൂടുതൽ ട്രാൻസ്ജെൻഡേഴ്സിനെയും പൊലീസിനെയും വിളിച്ചുവരുത്തി. പൊലീസെത്തി കാര്യം തിരക്കി. ചുമട്ടുതൊഴിലാളിയെ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വാഹനം തടയുകയും പൊലീസിനെതിരെ അസഭ്യം പറയുകയും ചെയ്തതോടെ ട്രാൻസ്ജെൻഡറെയും ചുമട്ടുതൊഴിലാളിയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ട്രാൻസ്ജെൻഡർക്കെതിരെ എ.എസ്.ഐ എസ്. സന്തോഷും സന്തോഷിനെതിരെ ഇവരും പരാതി നൽകിയിട്ടുണ്ട്. ഇതിന് പുറമെ ചുമട്ടുതൊഴിലാളിക്കെതിരെ ആദ്യം പ്രശ്നമുണ്ടാക്കിയ ട്രാൻസ്ജെൻഡറും പരാതി നൽകി.

മാസങ്ങൾക്ക് മുമ്പ് പരാതിയിൽ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഇവർ ആലുവ പൊലീസ് സ്റ്റേഷൻ വളപ്പിലെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.

സന്ധ്യമയങ്ങിയാൽ ആലുവ ടൗൺ ഹാൾ മുതൽ ജില്ലാ ആശുപത്രി കവലവരെയും പുളിഞ്ചോട് ഭാഗത്തും ട്രാൻസ്ജെൻഡർമാരുടെ ശല്യമാണ്. ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡാണ് ഇവരുടെ താവളം. ഇതിനെതിരെ ടാക്സി ഡ്രൈവർമാർ പലവട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.