 ₹94 കോടി അനുവദിച്ച് കിഫ്ബി

കൊച്ചി: നാലുപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നു. പ്രദേശവാസികളുടെയും എറണാകുളത്തേക്ക് ജോലിക്കും മറ്റാവശ്യങ്ങൾക്കും വരുന്നവരുടെയും യാത്രാക്ളേശത്തിന് പരിഹാരമേകുന്ന തമ്മനം-പുല്ലേപ്പടി റോഡ് യാഥാർത്ഥ്യമാകുന്നു. റോഡിനായി ഏറ്റെടുത്ത മുഴുവൻ സ്ഥലവും പൊതുമരാമത്ത് (പി.ഡബ്ള്യു.ഡി )വകുപ്പിന് കൈമാറിക്കൊണ്ടുളള സർക്കാർ ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയതോടെ പദ്ധതിയുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങി.

തദ്ദേശ സ്വയംഭരണവകുപ്പ് കൊച്ചി കോർപ്പറേഷനിൽ നിന്ന് ഏറ്റെടുത്ത സ്ഥലമാണ് വിട്ടുനൽകുന്നത്. ഈ ഭൂമി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തുകൊണ്ടുളള സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. ഇതോടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കാനുള്ള നടപടികളുമായി പി.ഡബ്ള്യു.ഡിയുടെ കെ.ആർ.എഫ്.ആർ വിഭാഗത്തിന് മുന്നോട്ടുനീങ്ങാം.

ഭൂമി ഏറ്റെടുക്കൽ തുടരും

എറണാകുളം, എളംകുളം, പൂണിത്തുറ വില്ലേജുകളിലെ 84 സ്ഥലഉടമകൾ 163.11ആർ ഭൂമി സൗജന്യമായി നൽകിയിട്ടുണ്ട്. 54.79 ആർ ഭൂമി കോർപ്പറേഷൻ പണംകൊടുത്ത് ഏറ്റെടുത്തു. ആകെ 217.90 ആർ ഭൂമിയാണ് ഇപ്പോൾ പദ്ധതിക്കായി കൈമാറുന്നത്. ഇനി 3.6734 ഹെക്ടർ ഭൂമികൂടി ഏറ്റെടുക്കണം. ഇതിനുള്ള ഫണ്ട് കിഫ്ബി വഴി ലഭിക്കും

പദ്ധതി ചെലവ്

₹320 കോടി

കിഫ്‌ബിയുടെ ആദ്യ വിഹിതമെത്തി

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 94 കോടി രൂപ ആദ്യവിഹിതമായി ഇന്നലെ കിഫ്ബി അനുവദിച്ചതോടെ കാര്യങ്ങൾ സുഗമമായി. കഴിയുന്നത്ര വേഗത്തിൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.

ഭൂമി കൈമാറ്റം

വൈകിയത് തിരിച്ചടിയായി

തമ്മനം-പുല്ലേപ്പടി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ മുൻ യു.ഡി.എഫ് ഭരണസമിതി തീരുമാനമെടുത്തെങ്കിലും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തത് തിരിച്ചടിയായി. ഡി.പി.ആറില്ലാത്തതിനാൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന സ്ഥാപനം ഡി.പി.ആർ തയ്യാറാക്കാൻ വിസമ്മതിച്ചു. നിലവിലെ ഭരണസമിതി എത്തിയതോടെ പ്രതിസന്ധികൾ നീങ്ങി.