pic
വനം വകുപ്പ് സ്ഥാപിച്ച ബോർഡ്‌

നേര്യമംഗലം: കൊവിഡിനുശേഷം ഉണർന്നുതുടങ്ങിയ ടൂറിസത്തിന് ഇരുട്ടടിയായി വനംവകുപ്പ്. നേര്യമംഗലം മുതൽ വാളറ വെള്ളച്ചാട്ടം വരെയുള്ള പ്രദേശങ്ങളിൽ വാഹനങ്ങൾ നിർത്തുന്നത് വനംവകുപ്പ് തടഞ്ഞ് ബോർഡ് സ്ഥാപി​ച്ചു. സ്വദേശികളും വിദേശികളുമായ ഒട്ടേറെ യാത്രക്കാർ കടന്നുപോകുന്ന ഈവഴിയിൽ ചീയപ്പാറ വെള്ളച്ചാട്ടവും വാളറകുത്തും പ്രധാന ആകർഷണമാണ്. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുവാനും ഫോട്ടോയെടുക്കാനും ഒട്ടേറെ വിനോദസഞ്ചാരികൾ ഇവി​ടങ്ങളി​ൽ വാഹനം നിർത്താറുണ്ട്.
ലോക വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനംപിടിച്ച കേരളത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ചീയപ്പാറ, ഇത് കാണുവാൻ അനുവദിക്കാതെ എന്തുതരം ടൂറിസമാണ് ഇവിടെ നടപ്പിലാക്കുന്നന്നാണ് വിനോദസഞ്ചാരികളുടെ ചോദ്യം. ചീയപ്പാറ വെള്ളച്ചാട്ടം എത്തുന്നതിനു 50 മീറ്റർ മുന്നേ വാഹനങ്ങൾ നിർത്തരുത് എന്നുള്ള മറ്റൊരു ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരിടമാണ് ചീയപ്പാറ വെള്ളച്ചാട്ടം. പെട്ടെന്ന് വനംവകുപ്പ് ഇങ്ങനെയൊരു ബോർഡ് സ്ഥാപിക്കുമ്പോൾ ഇവിടെയെത്തുന്ന സഞ്ചാരികൾ നിരാശയോടെ മാത്രമേ മടങ്ങുകയുള്ളൂ. നിരോധനങ്ങൾ അല്ല നമുക്ക് നിയന്ത്രണങ്ങളാണ് ഇവിടെ നടപ്പിലാക്കേണ്ടത്.

ജേക്കബ് ചാണ്ടി,

വെൽകെയർ ഹോളിഡേയ്‌സ്

നടപടി​ സുരക്ഷയ്ക്കെന്ന്

ഈ വഴിത്താരയിൽ വാഹനം കടന്നുപോകുമ്പോൾ കാട്ടാനശല്യം ഉണ്ടാകുമെന്ന കാരണത്താലാണ് വാഹനങ്ങൾ നിർത്താൻ അനുവദിക്കാത്തത്.

വനംവകുപ്പ് അധി​കാരി​കൾ