investigation

കൊച്ചി: കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ സീറ്റ് വാഗ്‌ദാനം ചെയ്ത് തലവരിപ്പണം വാങ്ങി തട്ടിപ്പു നടത്തിയ കേസിൽ സാമ്പത്തിക ക്രമക്കേടിന് തെളിവില്ലെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര ജുഡി. ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. വിശദമായ അന്വേഷണം നടത്തി ആറു മാസത്തിനകം ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകണമെന്നും ജസ്റ്റിസ് കെ. ഹരിപാലിന്റെ ബെഞ്ച് നിർദ്ദേശിച്ചു. അന്വേഷണം തിരക്കിട്ടു പൂർത്തിയാക്കിയെന്നും വസ്തുതകൾ പലതും പരിശോധിച്ചില്ലെന്നും വിലയിരുത്തിയ ഹൈക്കോടതി അന്വേഷണ സംഘത്തിന് കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

കാരക്കോണം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്, എം.ഡി സീറ്റുകൾ വാഗ്‌ദാനം ചെയ്ത് 92 ലക്ഷം രൂപ തലവരിപ്പണം വാങ്ങിയശേഷം സീറ്റു നൽകിയില്ലെന്ന പരാതികളിൽ വെള്ളറട, നെയ്യാറ്റിൻകര, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് പരാതിക്കാരായ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അഴിമതി നിരോധന നിയമം, വിശ്വാസ വഞ്ചന, കബളിപ്പിക്കൽ, പണം തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസുകളിൽ കോളേജ് ചെയർമാൻ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 2014ൽ സി.പി.എം സ്ഥാനാർത്ഥിയായിരുന്ന ഡോ. ബെന്നറ്റ് എബ്രഹാം, ബിഷപ്പ് എ. ധർമ്മരാജ് റസലം എന്നിവരടക്കമുള്ളവരെ പ്രതി ചേർത്തിരുന്നു. കഴിഞ്ഞ സെപ്തംബറിൽ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇതനുസരിച്ച് നൽകിയ അന്തിമ റിപ്പോർട്ടിലാണ് സാമ്പത്തിക തട്ടിപ്പിന് തെളിവില്ലെന്നു വ്യക്തമാക്കിയത്. കൃത്യമായ തെളിവുകളുള്ള കേസാണിതെന്നും അന്തിമ റിപ്പോർട്ട് കോടതി സ്വീകരിച്ചാൽ പ്രതികൾ രക്ഷപ്പെടുമെന്നും വ്യക്തമാക്കി പരാതിക്കാരൻ ഡി.എൻ. കാൽവിൻ ക്രിസ്റ്റോയാണ് ഹൈക്കോടതിയെ സമീപിച്ചത്.