jose
ജോസ് തെങ്ങിൽ കയറുന്നു

മൂവാറ്റുപുഴ: ജീവിതസായാഹ്നത്തിലും തെങ്ങുകയറി അന്നത്തിന് വക കണ്ടെത്തുകയാണ് അറുപത്തഞ്ചുകാരനായ ജോസ്. ഒരു പതിറ്റാണ്ടുമുമ്പ് കൃഷിവകുപ്പിന്റ ചങ്ങാതിക്കൂട്ടം പദ്ധതിയിലൂടെയാണ് ഈസ്റ്റ് വാഴപ്പിള്ളി കോയിക്കര ജോസ് തെങ്ങുകയറ്റത്തിന് തുടക്കംകുറിച്ചത്. സ്വന്തം പുരയിടത്തിലടക്കം തേങ്ങഇടാൻ ആളെക്കിട്ടാതെ വന്നതോടെയാണ് ജോസ് തെങ്ങുകയറ്റ തൊഴിലിലേക്ക് ഇറങ്ങിത്തിരിച്ചത്. ഒരുതെങ്ങ് കയറുന്നതിന് അമ്പതുരൂപയാണ് നിരക്ക്.

തെങ്ങുകയറ്റം പഠിച്ചതോടെ കേരബോർഡ് തെങ്ങുകയറുന്നതിനുള്ള മെഷീനും സബ്സിഡി നിരക്കിൽ നൽകി. ഇതോടെ ആരംഭിച്ച ജോലിക്ക് പിന്നീട് മുടക്കം വരുത്തിയിട്ടില്ല. വെയിൽ ശക്തിപ്രാപിക്കുന്നതിനുമുമ്പേ തുടങ്ങുന്ന ജോലി ഉച്ചയ്ക്കുമുമ്പേ അവസാനിപ്പിക്കും. ദിവസവും 25 തെങ്ങുകളിലെങ്കിലും കയറും. ജോസ് ഈ മേഖലയിലേക്ക് എത്തിയതോടെ നാട്ടുകാരും സന്തോഷത്തിലാണ്. തേങ്ങയിടാൻ ആളെ അന്വേഷിച്ച് നടക്കേണ്ട ഗതികേടിലായിരുന്നു ഇവിടെയുള്ളവർ. ആളെ കിട്ടിയാൽത്തന്നെ പറയുന്ന പണം നൽകുകണമെന്നുമാത്രമല്ല അയാളുടെ സൗകര്യംനോക്കി കാത്തിരിക്കുകയും വേണമായിരുന്നു. അതെല്ലാം ഇപ്പോൾ കഥയായി മാറി.ജോസിനെ അറിയിച്ചാൽ പറയുന്ന സമയത്തെ തേങ്ങയിടും.

കേരബോർഡ് 10 വർഷം മുമ്പ് നൽകിയ മെഷീൻ കേടായിപ്പോയതിനാൽ അടുത്തിടെ 2800 രൂപനൽകി പുതിയത് വാങ്ങി. ഇതിനിടെ കേരത്തിന്റ നാടായ ലക്ഷദ്വീപിലും ജോസ് തേങ്ങയിടാൻ പോയി. കുറേക്കാലം അവിടെ ജോലിചെയ്തു. തെങ്ങ് കയറ്റം പഠിച്ചതുകൊണ്ടാണ് തനിക്ക് ലക്ഷദ്വീപ് കാണാൻ കഴിഞ്ഞതെന്ന് ജോസ് പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമുണ്ട്.