
മരട്: കേബിൾ വർക്കേഴ്സിന്റെ രണ്ടാംയോഗം നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിലിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്നു. മരട് നഗരസഭയിലെ വിവിധ റോഡുകളിൽ വലിച്ചിട്ടുള്ള കേബിളുകൾ വേണ്ടത്ര ഉയരത്തിൽ അല്ല. ഇത് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. ഉപയോഗശൂന്യമായ കേബിളുകൾ അഴിച്ചു മാറ്റുക, കേബിൾ വർക്കേഴ്സ് നഗരസഭയിൽ നിന്നും ലൈസൻസ് എടുക്കുക എന്നീ കാര്യങ്ങൾ ചർച്ചയിൽവന്നു. ഇന്റെർനെറ്റ് കണക്ഷൻ ഏജൻസികൾ, കെ.എസ്.ഇ.ബി എന്നിവർ ആദ്യയോഗത്തിൽ പങ്കെടുക്കാത്തതുകൊണ്ടാണ് ഇന്നലെ വീണ്ടും യോഗം വിളിച്ചത്. ഇന്നലെ കൂടിയ യോഗത്തിൽ മുഴുവൻ ഏജൻസികളും പങ്കെടുത്തു.
അലക്ഷ്യമായി കിടക്കുന്ന കേബിളുകൾ സ്വന്തംചെലവിൽ രണ്ടുമാസത്തിനുള്ളിൽ നീക്കം ചെയ്യാമെന്നും അല്ലാത്തപക്ഷം ഏപ്രിൽ 15 മുതൽ നഗരസഭയുടെ നേതൃത്വത്തിൽ 12 അടി താഴെയുള്ള കേബിളുകൾ നീക്കം ചെയ്യാനും ചെലവ് ഏജൻസികളിൽ നിന്ന് ഈടാക്കാനും തീരുമാനിച്ചു. വരുന്ന കൗൺസിലിൽ ഈ വിഷയം അവതരിപ്പിച്ച് തുടർനടപടികൾ സ്വീകരിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, മുനിസിപ്പൽ എഞ്ചിനിയർ എം.കെ. ബിജു, ഹെൽത്ത് ഇൻസ്പെക്ടർ ജോബ്സൺ എന്നിവർ സംബന്ധിച്ചു.