
കൊച്ചി: ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിൽ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ച വെർട്ടിക്കൽ ഗാർഡൻ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. മറ്റൊരു സ്ഥലത്തേക്ക് എളുപ്പത്തിൽ മാറ്റാവുന്ന തരത്തിലുള്ള വെർട്ടിക്കൽ ഗാർഡനുകൾ ദേശീയ ഉദ്യാനവിള വികസന കേന്ദ്രമാണ് വികസിപ്പിച്ചത്. ഹോർട്ടികൾചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ബിൻസി എബ്രഹാം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു പി.ജോസഫ്, മെട്രോ സ്റ്റേഷൻ ഓഫീസർ പർദീപ് കുമാർ, വൈറ്റില കൃഷിഭവൻ അസിസ്റ്റന്റ് ഷിബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പതിനഞ്ചു വർഷം വരെ കാലാവധി കിട്ടുന്ന വെർട്ടിക്കൽ ഗാർഡൻ യൂണിറ്റുകളിൽ തക്കാളി, കത്തിരി, മുളക്, ബീൻസ്, ഫ്രഞ്ച് ബീൻസ്, റാഡിഷ്, ചീര, മല്ലി, പാലക് എന്നിവ കൃഷി ചെയ്യാം. 75 ശതമാനം സബ്‌സിഡിയിൽ നടപ്പാക്കുന്ന പദ്ധതിയിൽ 6,000 രൂപയാണ് ഗുണഭോക്തൃ വിഹിതം. 16 ചെടിച്ചട്ടികൾ, നടീൽ മാദ്ധ്യമം, തുള്ളിനന സംവിധാനം എന്നിവയും ഇതോടൊപ്പം ലഭ്യമാക്കും. ചെടികളുടെ പരിപാലനത്തിന് ആവശ്യമായ ആർക്ക പോഷക ലായനിയും ഇതോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട്.