pre-primary
കീഴ്മാട് ഗവ. യു.പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച പ്രവേശനോത്സവം കീഴ്മാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്‌നേഹ മോഹനൻ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സ്‌കൂൾ അക്കാഡമി ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള ദേശീയ പുരസ്‌കാരം നേടിയ കീഴ്മാട് ഗവ. യു.പി സ്കൂളിൽ കുട്ടികൾക്ക് 'ശങ്ക' തീർക്കാൻ സൗകര്യമില്ല. സ്കൂളിന്റെ ചുമതലയുള്ള പഞ്ചായത്ത് അധികൃതർ പറയുന്നത് തത്കാലം സമീപത്തെ പഞ്ചായത്ത് ഓഫീസിൽ വന്ന് 'ശങ്ക' തീർക്കാനാണ്.

ഒന്നരമാസംമുമ്പ് മന്ത്രിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ സ്കൂളിനാണ് ഈ ദുർഗതി. അക്കാഡമിക് മികവ്, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ, ഓൺലൈൻ പഠനസഹായം ഒരുക്കൽ, മികവ് പ്രവർത്തനങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സ്‌കൂൾ അക്കാഡമി ദേശീയ പുരസ്‌കാരം നൽകിയത്.

പി.ടി.എയുടെയും സ്കൂൾ അധികൃതരുടെയും നിരന്തര ഇടപെടലുകളെത്തുടർന്ന് ടോയ്ലെറ്റ് അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് ആറുലക്ഷംരൂപ അനുവദിച്ചിരുന്നു. ഇതിന്റെ പേരിൽ കുട്ടികൾ ഉപയോഗിച്ചിരുന്ന ശൗചാലയവും അതിനോടുചേർന്ന ചുറ്റുമതിലും പ്രധാനാദ്ധ്യാപിക അറിയാതെ പൊളിച്ചുകളഞ്ഞതാണ് വിനയായത്. ഇവിടെ പഠിക്കുന്ന 149 കുട്ടികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം ഇല്ലാത്ത അവസ്ഥയാണ്. സ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ചതിനാൽ രാത്രി ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിമാറി.

അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ്

സ്കൂളിനോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് യൂത്ത് കോൺഗ്രസ്‌ സംഘം സ്കൂൾ സന്ദർശിച്ചു. മണ്ഡലം പ്രസിഡന്റ്‌ ജോണി ക്രിസ്റ്റഫർ, ഫസൽ വരിക്കാട്ടുകുടി, താഹിർ ചാലക്കൽ, എം.വി. ഷൈമോൻ, ധനീഷ് കുളക്കാട്, ഷാനവാസ്‌ കുട്ടമശ്ശേരി, അസ്ഹർ എടയപ്പുറം, അനുക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.

കീഴ്മാട് സ്കൂളിൽ പ്രീ - പ്രൈമറി പ്രവേശനോത്സവം

ആലുവ: കീഴ്മാട് ഗവ. യു.പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. സമ്മാനപ്പൊതികളും കളിഉപകരണങ്ങളുമായാണ് കുട്ടികളെ വരവേറ്റത്. കീഴ്മാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്‌നേഹ മോഹനൻ കളിപ്പാട്ടങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീകൃഷ്ണകുമാർ, ഹെഡ്മിസ്ട്രസ് കെ.കെ. ഉഷാകുമാരി, അദ്ധ്യാപികമാരായ സി.കെ. സുനിത, മീര സാനി, പി.ടി.എ പ്രസിഡന്റ് ഷാമില ഷംസ്, വൈസ് പ്രസിഡന്റ് ബിനു ഡേവിഡ്, തസ്‌നിൻ എന്നിവർ സംസാരിച്ചു.