dileep-case

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. തന്നെ കസ്റ്റഡിയിലെടുത്ത് വ്യാജ തെളിവുണ്ടാക്കാനായി കെട്ടിച്ചമച്ച കേസാണിതെന്ന് ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസിനു തന്നോടുള്ള വൈരാഗ്യമാണ് കാരണമെന്നും നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന അന്നത്തെ എ.ഡി.ജി.പി ബി. സന്ധ്യ, ഇപ്പോഴത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് നടപടി​കളെന്നും ഹർജിയിൽ പറയുന്നു. കേസ് റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. ഈ കേസിൽ ഫെബ്രുവരി ഏഴിന് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

'എ.ഡി.ജി.പിക്ക് സിനിമാ ബന്ധം'

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരായ കേസിൽ സത്യസന്ധവും നിഷ്‌പക്ഷവുമായ അന്വേഷണം നടക്കുമെന്ന് കരുതുന്നില്ലെന്ന് ദിലീപിന്റെ ഹർജിയിൽ പറയുന്നു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് 'ഔട്ട് ഒഫ് സിലബസ്' എന്ന സിനിമയുടെ നിർമ്മാണത്തിൽ സജീവ പങ്കാളിയായിരുന്നു. ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഒരു നടി പിന്നീട് തനിക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നെന്നും നടി പാർവതി തിരുവോത്തിന്റെ പേര് എടുത്തു പറയാതെ ദിലീപ് ഹർജിയിൽ വ്യക്തമാക്കുന്നു.