ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് രത്‌നമ്മ സുരേഷ് പ്രസിഡന്റായിരിക്കെ നിയമവിരുദ്ധമായി കൈപ്പറ്റിയ ഓണറേറിയം ഉടൻ തിരിച്ചുപിടിക്കണമെന്നും ജനങ്ങളോട് മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് കവലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് നാസർ എടയാർ അദ്ധ്യക്ഷത വഹിച്ചു. ഓമന ശിവശങ്കരൻ, നിഷ ബിജു എന്നിവർ സംസാരിച്ചു.
2015മുതൽ 2020വരെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു രത്‌നമ്മ സുരേഷ്. 2018 മേയ് ഏഴുവരെ ജോലി ചെയ്തിരുന്ന മുപ്പത്തടം സഹകരണ ബാങ്കിൽനിന്ന് പ്രസിഡന്റായി ചുമതലയേറ്റതിനെത്തുടർന്ന് ശൂന്യവേതന അവധിയെടുത്തിരുന്നു. തിരികെ ജോലിയിൽ പ്രവേശിച്ച പ്രസിഡന്റ് 2019 മാർച്ച് 31വരെ ബാങ്കിൽ ജോലി ചെയ്യുകയും ശമ്പളം കൈപ്പറ്റുകയും ചെയ്തു. തുടർന്ന് വിരമിച്ചു. ഇക്കാലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കുള്ള ആനുകൂല്യവും കൈപ്പറ്റിയെന്നാരോപിച്ച് മുപ്പത്തടം പൂക്കാട്ട് വീട്ടിൽ പി.ആർ. രാമചന്ദ്രൻ നൽകിയ പരാതിയിലാണ് രത്നമ്മ സുരേഷിനെതിരെ ഓംബുഡ്സ്‌മാൻ ഉത്തരവിട്ടത്.
ഓംബുഡ്സ്മാൻ ഉത്തരവ് ലംഘിച്ചവരാണ്
സമരം നടത്തുന്നവരെന്ന് സി.പി.എം
ഇതിനുമുമ്പ് പലവട്ടം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വിഷയങ്ങളിൽ ഓംബുഡ്സ്‌മാൻ ഉത്തരവുകൾ നടപ്പാക്കാത്ത കോൺഗ്രസുകാരാണ് ഇപ്പോൾ സി.പി.എം നേതാവിനെതിരെ വിധിയുണ്ടായപ്പോൾ സമരവുമായി രംഗത്തുവരുന്നതെന്ന് സി.പി.എം ആരോപിച്ചു. ഓഞ്ഞിത്തോടിന്റെയും കടവ് നിർമ്മാണത്തിന്റെയുമെല്ലാം പേരിൽ പണം തിരിച്ചടക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയോട് ഓംബുഡ്സ്‌മാൻ ഉത്തരവിട്ടെങ്കിലും ഇതിനെതിരെ കോടതിയിൽ അപ്പീൽ നൽകിയവരാണ് ഇപ്പോൾ സി.പി.എമ്മിനെതിരെ സമരം നടത്തുന്നതെന്നാണ് ആക്ഷേപം.
2005 -2010 കാലയളവിൽ കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നയാൾ ജില്ലാ ബാങ്കിൽ ജോലിചെയ്താണ് ഗ്രാമപഞ്ചായത്തിന്റെ ചുമതല വഹിച്ചത്. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നയാൾ നീറിക്കോട് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്നു. ഇവർക്കൊന്നും രത്നമ്മ സുരേഷിന് വിനയായ നിയമം ബാധകമായില്ല. മറ്റ് ജോലിയുള്ളവർ ഓണറേറിയം കൈപ്പറ്റാൻ പാടില്ലെന്ന ഓംബുഡ്സ്‌മാന്റെ ഉത്തരവ് നടപ്പാക്കിയാൽ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ത്രിതലസമിതി ഭാരവാഹികളും അനർഹരാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.