
തൃപ്പൂണിത്തുറ: അത്യാധുനിക ഫിനാൻഷ്യൽ സൂപ്പർമാർക്കറ്റാകാനുള്ള ചുവടുവയ്പ്പുമായി തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്. ഇതിനായി ഒട്ടേറെ പദ്ധതികളാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആർ.ടി.ജി.എസ്., എൻ.ഇ.എഫ്.ടി സേവനങ്ങൾ ബാങ്കിൽ നടപ്പാക്കി. ചെക്ക് ക്ളിയറിംഗ് മറ്റു ബാങ്കുകൾക്ക് സമാനമായി ചെന്നൈ സി.ടി.എസ് ക്ളിയറിംഗ് വഴിയാക്കി. എ.ടി.എം., റൂപേ കാർഡ്, ഐ.എം.പി.എസ്., ബി.ബി.പി.എസ്., ഫാസ്ടാഗ് എന്നിവയും ബാങ്കിൽ ലഭ്യമാണ്. വിദേശത്തേക്ക് പഠനത്തിനും ജീവിതച്ചെലവിനും ചികിത്സയ്ക്കും വിദേശകറൻസി അയയ്ക്കാൻ തോമസ് കുക്ക് ഇന്ത്യയുമായും ഐ.ഡി.ബി.ഐ ബാങ്കുമായും ധാരണയിലെത്തി.
ഭവന വായ്‌പകൾ എച്ച്.എൽ., എച്ച്.എൽ ഇ.എം.ഐ., എച്ച്.എൽ ഇ.എം.ഐ ഫ്ളോട്ടിംഗ് രീതികളിൽ ലഭിക്കും. 7.8 ശതമാനം മുതലാണ് പലിശ. പരമാവധി തിരിച്ചടവ് കാലാവധി 20 വർഷം. സ്വർണപ്പണയത്തിന് 100 രൂപയ്ക്ക് 50 പൈസയാണ് (5.99 ശതമാനം) പലിശ. ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാനും ബാങ്ക് വായ്‌പ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദേശ പഠനത്തിനായി കുട്ടികൾക്ക് 96 മാസക്കാലാവധിയിൽ 20 ലക്ഷം രൂപവരെ വായ്‌പയും ലഭ്യമാണ്. ജനറൽ മാനേജർ കെ. ജയപ്രസാദ്, മെമ്പർമാരായ ഭദ്രൻ, പത്മിനി ശിവശങ്കരൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
ആകർഷക നിരക്കിൽ
സൗരോർജ വായ്പ
105 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള പീപ്പിൾസ് ബാങ്ക് കഴിഞ്ഞ നാലുവർഷമായി സമ്പൂർണ്ണ സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് ആകർഷകനിരക്കിൽ സൗരോർജ വായ്പ ലഭ്യമാക്കുന്നുമുണ്ട്. കെ.എസ്.ഇ.ബി., അനർട്ട് എന്നിവയുമായി സഹകരിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'സോളാൽ ലോൺ" ആണിത്. 2കെ.ഡബ്ല്യു മുതൽ 5കെ.ഡബ്ല്യു വരെ ശേഷിയുള്ള പ്ളാന്റുകൾ സ്ഥാപിക്കാൻ വായ്‌പ ലഭിക്കും. ഈ ലോണിനായി ബാങ്കിൽ രജിസ്റ്റർ ചെയ്‌താൽ പ്ളാന്റ് ഇൻസ്റ്റാലേഷൻ കെ.എസ്.ഇ.ബി ചെയ്‌തുതരും.
10,000 രൂപ മുതൽ 20,000 രൂപവരെ ഡൗൺപേമെന്റ് നൽകണം.
87,000 രൂപമുതൽ 1.70 ലക്ഷം രൂപവരെ ബാങ്ക് വായ്‌പ നൽകും.
ലാഭേച്‌ഛയില്ലാതെ മാതൃകാപരമായാണ് ബാങ്ക് ഈ പദ്ധതി നടപ്പാക്കുന്നത്.
രണ്ടുവർഷത്തെ സ്കീമിന് 6.59 ശതമാനം, മൂന്നുവർഷത്തെ സ്കീമിന് 6.99 ശതമാനം എന്നിങ്ങനെയാണ് പലിശ.