floods

കൊച്ചി: ഇടപ്പള്ളി ടോൾ മങ്കുഴി റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കളമശേരി നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഒറ്റമഴയിൽ ഇവിടം വെള്ളത്തിലാകുന്നുവെന്ന പരാതിയെ തുടർന്നാണ് കമ്മിഷന്റെ ഇടപെടൽ. 34-ാം വാർഡിൽ മാലിപ്പുറം ഭാഗത്താണ് വെള്ളക്കെട്ട്.

മാലിപ്പുറം റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം പമ്പ് ചെയ്താണ് ഇടപ്പള്ളി തോട്ടിൽ എത്തിക്കുന്നത്. വെള്ളം തോട്ടിലേക്ക് മാറ്റുന്നതുവരെ പ്രദേശത്തെ വീടുകളിലേക്ക് വെള്ളംകയറും. പ്രശ്നപരിഹാരമെന്ന നിലയിൽ മങ്കുഴി റോഡിലൂടെ കാന നിർമ്മിക്കാൻ 12 ലക്ഷം രൂപ നഗരസഭ അനുവദിച്ചെങ്കിലും റോഡിന് ഇരു വശത്തുമുള്ള 27 വീട്ടുകാരുടെ എതിർപ്പുമൂലം നിർമ്മാണം നിറുത്തിവച്ചു.

മങ്കുഴി-മാലിപ്പുറം റോഡ് ഇടപ്പള്ളി തോടിനേക്കാൾ ഉയർന്നും മെയിൻ റോഡിനേക്കാളും താഴ്ന്നുമാണ്. ഇവിടെ ഇന്റർലോക്ക് വിരിച്ചിട്ടുണ്ട്. ഇന്റർലോക്ക് നീക്കി ഇടപ്പള്ളി തോട്ടിലേക്ക് നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭി അറിയിച്ചിട്ടുണ്ട്.