covid

കൊച്ചി: കൊവിഡ് തിരിച്ചറിയാനുള്ള ആർ.ടി.പി.സി.ആർ പരിശോധനയുടെ നിരക്ക് കറയ്ക്കുകയും ആന്റിജൻ പരിശോധനയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ ലാബോറട്ടറികൾ സമരത്തിലേക്ക്. ലാബുകളുമായി കൂടിയാലോചന നടത്താതെയാണ് സർക്കാർ തീരുമാനമെന്നാണ് പരാതി. ലാബുകൾ അടച്ചിടുന്നതുൾപ്പെടെ സമരമാണ് ലാബുകളുടെ സംഘടനകൾ ആലോചിക്കുന്നത്.

സ്വകാര്യലാബുകളിലെ ആന്റിജൻ പരിശോധന നിറുത്തലാക്കാൻ കഴിഞ്ഞവർഷം അവസാനമാണ് സർക്കാർ തീരുമാനിച്ചത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിയന്തരഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാണ് ആന്റിജൻ പരിശോധന.

ഡോക്ടർമാരുടെ കുറിപ്പ് ലഭിക്കാൻ ഒ.പി ടിക്കറ്റ് എടുക്കണം. സർവീസ് ചാർജ് ഉൾപ്പടെയുള്ളവ പരിശോധനയോടൊപ്പം ഈടാക്കും. തുച്ഛമായ തുകയുടെ ആന്റിജൻ പരിശോധനയ്ക്ക് അതോടെ ചെവല് 700 രൂപ കടക്കും. ആശുപത്രികളിൽ തന്നെ പരിശോധന ചെയ്യാനാണെങ്കിലും ഒ.പി ടിക്കറ്റെടുത്ത് കാത്തിരുന്ന് ഡോക്ടറെ കണ്ടശേഷമേ പരിശോധിക്കാനാകൂ. സെൽഫ് കിറ്റ് വാങ്ങിയുള്ള പരിശോധന വിവിധസ്ഥാപനങ്ങൾ അംഗീകരിക്കാത്തതിനാൽ പ്രതിസന്ധി കൂടി. ആളുകൾ ആശുപത്രികളിലേക്കോടി. ലാബുകളിൽ പരിശോധന കുറഞ്ഞു.

സെൽഫ് കിറ്റ് വ്യാപകം, ലംഘനങ്ങളും

ആന്റിജൻ പരിശോധന ഇല്ലാതായതോടെ മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കുന്ന സെൽഫ് ടെസ്റ്റ് കിറ്റുകളെയാണ് ഏറെപ്പേരും ആശ്രയിക്കുന്നത്. ഇതുപയോഗിക്കുന്ന പലരും നിയമംലംഘിക്കുന്നുമുണ്ട്.

 പോസിറ്റീവ് ആകുന്ന പലരും ആരോഗ്യവകുപ്പിനെ അറിയിക്കുന്നില്ല.

 ക്വാറന്റൈൻ നിബന്ധനകൾ പാലിക്കുന്നില്ല.

 വീട്ടിലുള്ളവർ പോലും ഇറങ്ങിനടക്കുന്നു.

സർക്കാരിന് അധികാരമില്ല
കൊവിഡ് പരിശോധനകളുടെ നിരക്ക് കുറയ്ക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി നിർദേശമുണ്ട്. എന്നാൽ,​ ലാബുകളുമായി ആലോചിച്ച് നിരക്ക് നിശ്ചയിക്കാമെന്ന ഐ.സി.എം.ആർ നിർദേശം പഴുതാക്കിയാണ് സർക്കാർ നടപടിയെന്ന് ഉടമകൾ ആരോപിക്കുന്നു.

സംസ്ഥാനത്ത്

190- ഐ.സി.എം.ആർ അംഗീകൃത ലാബുകൾ

46- സ്വകാര്യ ലാബ്

41- സർക്കാർ

ബാക്കി- സ്വകാര്യ ആശുപത്രികളിലെ ലാബുകളും മറ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരിശോധന നടത്തുന്ന സ്ഥാപനങ്ങളും.

''കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലക്ഷക്കണക്കിന് കൊവിഡ് പരിശോധനാ സാമഗ്രികളാണ് വാങ്ങുന്നത്. അവർക്ക് വിലകുറച്ച് ലഭിക്കും. ശരാശരി 250 പരിശോധന നടത്തുന്ന ലാബിലേക്ക് കിറ്റ് എടുക്കുമ്പോൾ വില കുറയില്ല. പിന്നെ എങ്ങനെയാണ് പരിശോധനാ നിരക്ക് ഇത്രയും കുറയ്ക്കുന്നത്?​""

സി. ബാലചന്ദ്രൻ,​
സംസ്ഥാന പ്രസിഡന്റ്,​
മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ

സ്വകാര്യ ആശുപത്രികളുടെ വാദം

ആന്റിജൻ പരിശോധന ആശുപത്രികളിൽ ചെയ്യുന്നതിന് ഗുണങ്ങളുണ്ടെന്ന് സ്വകാര്യ ആശുപത്രികളും ഡോക്ടർമാരും പറയുന്നു. കൊവിഡ് പരിശോധനയ്ക്ക് എത്തുന്നവർക്ക് മറ്റെന്തെങ്കിലും രോഗമുണ്ടെങ്കിൽ ഫലമറിയുമ്പോൾ തന്നെ ചികിത്സ നൽകാൻ സാധിക്കും. ആന്റിജൻ ടെസ്റ്റിനുള്ള തിരക്ക് കുറയ്ക്കാനാകും. വേഗത്തിൽ ഫലം കൃത്യതയോടെ ലഭിക്കാൻ ആശുപത്രിയിൽ പോകണം. ഡോക്ടറുടെ സേവനം ലഭ്യമാകുന്നുവെന്നതാണ് പ്രധാനം.