swapna-suresh

കൊച്ചി: തന്റേതായി പുറത്തുവന്ന ശബ്ദരേഖയ്ക്ക് പിന്നിലെ ഇടപെടലുകളെക്കുറിച്ച് തുറന്നുപറയാൻ സ്വപ്‌ന സുരേഷ് ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഈ മാസം ഒമ്പതിന് ഹാജരാകാൻ സ്വപ്നയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിനാൽ തീയതി ഇന്നേക്ക് മാറ്റുകയായിരുന്നു.

എം. ശിവശങ്കറിന്റെ ആത്മകഥ പുറത്തുവന്നതിനെ തുടർന്നാണ് സ്വപ്‌ന സ്വർണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന ശബ്ദരേഖ വ്യാജമാണെന്ന് നേരത്തേ സ്വപ്ന സമ്മതിച്ചിരുന്നെങ്കിലും അതിന് പിന്നിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണെന്ന് പറഞ്ഞിരുന്നില്ല. 'അശ്വത്ഥാമാവ് വെറും ഒരു ആന'യെന്ന ശിവശങ്കറിന്റെ അനുഭവക്കുറിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇക്കാര്യം സ്വപ്ന വെളിപ്പെടുത്തിയത്. പുസ്തകത്തിലെ വിവരങ്ങളിൽ നിന്ന് വിരുദ്ധമായി എന്തെങ്കിലും സ്വപ്‌നയ്ക്ക് പറയാനുണ്ടോയെന്ന് ഇ.ഡി തിരക്കും.

 വെളിപ്പെടുത്തൽ ആയുധം

2020 ഡിസംബറിലാണ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കോ സർക്കാരിനോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തു വന്നത്. ഒരു വർഷത്തിലേറെ അന്വേഷണം നടത്തിയിട്ടും കേരള പൊലീസിന് ശബ്ദം സ്വപ്നയുടേതാണോയെന്ന് തിരിച്ചറിയാനായില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് അനുകൂലമായ രീതിയിൽ ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് സ്വപ്ന തുറന്നുപറഞ്ഞത്. ഇതാണ് ഇ.ഡിക്കു പുതിയ ആയുധമായത്. ആരോപണത്തിൽ സ്വപ്‌ന ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് ഇ.ഡി ആരായും.