കുറുപ്പംപടി : വേങ്ങൂർ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിൽ പണിയേലി കൊച്ചുപുരയ്ക്കൽകടവ് ഭാഗത്ത് കഴിഞ്ഞദിവസം രാത്രി പുലിയിറങ്ങി. ജനവാസമേഖലയായ ഇവിടെ ഇതിനുമുമ്പും പുലി ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടുണ്ട്. പ്രദേശവാസികൾ ഭയാശങ്കയിലാണ്. മൈനർ ഇറിഗേഷൻ പമ്പ് ഹൗസിന് സമീപത്താണ് വച്ചാണ് പുലിയെ കണ്ടത്. പമ്പ് ഓപ്പറേറ്റർമാരായ ബാബു മാത്യു, ജോണി എന്നിവരാണ് രാത്രി 11 മണിയോടെ പുലിയെ കണ്ടത്. ഉടനെ വാർഡ് മെമ്പറെയും സമീപപ്രദേശത്തുള്ളവരേയും അറിയിച്ചു. ഫോറസ്റ്റ് അധികാരികൾ എത്തി പുലിയെ കണ്ട ഭാഗത്ത് കാൽപ്പാടുകൾ പരിശോധിച്ചു.
വനാതിർത്തി പ്രദേശമായ ഈ മേഖലയിൽ ഫെൻസിംഗ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫെൻസിംഗ് സ്ഥാപിക്കുന്നതിനുവേണ്ടി പത്തുലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തി ഫോറസ്റ്റ് അധികാരികൾക്ക് കൈമാറിയിട്ടും തുടർനടപടിയില്ലെന്ന് വാർഡ് മെമ്പർ ബേസിൽ കല്ലറക്കൽ പറഞ്ഞു.