ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് 14,15 വാർഡുകളിൽപ്പെട്ട മുട്ടം, മുല്ലക്ക കോളനി, ഞാറക്കാട്ടുകുന്ന്, മുട്ടം തൈക്കാവ്, മുട്ടം, എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.
കഴിഞ്ഞ ഒക്ടോബർ മുതൽ ഈ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമമാണ്. കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം പൂർണമായി നിലച്ചു.
സമരത്തിനെത്തിയ വീട്ടമ്മമാർ എൻജിനീയറോട് ശക്തമായ രോഷം പ്രകടിപ്പിച്ചു. വെള്ളം കിട്ടാതെ പോകില്ലെന്നും ഇവിടെത്തന്നെ ഇരിക്കുമെന്നും പറഞ്ഞ് വീട്ടമ്മമാർ ബഹളണ്ടാക്കി. തുടർന്ന് നടന്ന ചർച്ചയിൽ നാളെ വെള്ളം എത്തിക്കാമെന്നും മുട്ടത്തേക്ക് സ്ഥിരമായി വെള്ളമെത്തിക്കുന്നത് മോണിറ്ററിംഗ് ചെയ്യാൻ ഒരാളെ ചുമതലപ്പെടുത്താമെന്നും കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പദ്ധതിക്ക് രണ്ട് ദിവസത്തിനകം എസ്റ്റിമേറ്റ് എടുക്കാമെന്നും തീരുമാനമായി.
ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് പുറമെ വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, മെമ്പർമാരായ പി.എസ്. യൂസഫ്, സബിത സുബൈർ, സി.പി. നൗഷാദ്, രമണൻ ചേലാക്കുന്ന്, കെ.കെ. ജമാൽ, സി.പി. നാസർ, സബീർ മുട്ടം, മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.