
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച മൂന്ന് കോടിയിലേറെ രൂപ വില വരുന്ന 6.100 കിലോ സ്വർണം പിടികൂടി. ഏഴ് യാത്രക്കാർ പിടിയിലായി.
സൗദി എയർ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മുഹമ്മദ് അഷ്റഫ്, നൗഫൽ, സൈനുൽ ആബിദ്, അബ്ദുള്ള കരുവാൻതൊടി, സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ അലി അഷ്റഫ്, അൻസിൽ അബ്ദു റഹ്മാൻ, എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ രതീഷ് എന്നിവരാണ് പിടിയിലായത്. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡി.ആർ.ഐ പുറത്ത് വിട്ടിട്ടില്ല. എല്ലാവരും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
നെടുമ്പാശേരി വിമാനത്താവളം വഴി വ്യാപകമായി സ്വർണം കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയതെന്നാണ് വിവരം.