നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വർദ്ധിച്ചിട്ടും വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം മൗനംപാലിക്കുന്നതായി ആരോപണമുയരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ കസ്റ്റംസ് കാര്യമായ സ്വർണക്കടത്ത് പിടികൂടിയിട്ടില്ല.
ഇതിനിടെ കഴിഞ്ഞ ജനുവരി 28ന് 80 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് വിഭാഗവും നവംബർ 21ന് 2.25 കോടി രൂപയുടെ സ്വർണം ഡി.ആർ.ഐ ഇന്റലിജൻസ് വിഭാഗവും പിടികൂടിയിരുന്നു. കൂടാതെയാണ് കഴിഞ്ഞദിസവം മൂന്നുകോടി രൂപയുടെ സ്വർണം ഡി.ആർ.ഐ പിടികൂടിയത്. വിമാനത്താവളംവഴി അനധികൃതമായി സ്വർണം കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസിനെ അറിയിക്കാതെയാണ് മറ്റ് അന്വേഷണ ഏജൻസികൾ മിന്നൽ പരിശോധന നടത്തുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ നാമമാത്രമായി കസ്റ്റംസ് പിടികൂടുന്ന കേസുകളിൽ മാദ്ധ്യമങ്ങൾക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും വിവരം നൽകരുതെന്നാണ് ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് സ്വർണക്കടത്ത് സംഘങ്ങളെ സഹായിക്കാനാണെന്നാണ് ആക്ഷേപം. രാജ്യത്തെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിൽ മൂന്നാംസ്ഥാനത്താണ് നെടുമ്പാശേരി വിമാനത്താവളം. കഴിഞ്ഞവർഷം അനധികൃതമായി കടത്താൻ ശ്രമിച്ച 62.281 കിലോഗ്രാം സ്വർണമാണ് വിവിധ ഏജൻസികൾ ഇവിടെനിന്ന് പിടികൂടിയത്. അന്താരാഷ്ട്ര വിമാനത്താവളംവഴി വൻതോതിൽ സ്വർണ കള്ളക്കടത്തും കള്ളപ്പണം വിദേശ കറൻസിയാക്കി മാറ്റി വിദേശത്തേക്ക് കടത്തുന്നതും തുടരുന്നതായി കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം കസ്റ്റംസ് വിഭാഗം നിരാകരിക്കുകയാണെന്നാണ് ആരോപണം.
വിദേശത്തേക്ക് കടത്തുന്ന കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങിക്കൊണ്ടുവരാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഭരണ, ഉദ്യോഗസ്ഥതലത്തിൽ ശക്തമായ സ്വാധീനമുള്ള വൻലോബികളാണ് പിന്നിൽ പ്രവർത്തിക്കുന്നത്. നിരവധി കാരിയർമാരെയും നിയോഗിച്ചിട്ടുണ്ട്. കരിയർമാർ പിടിക്കപ്പെട്ടാലും തുടരന്വേഷണം അട്ടിമറിച്ച് യഥാർത്ഥ കള്ളക്കടത്തുകാർ രക്ഷപെടും. ചുരുക്കം ചില കേസുകളിൽ മാത്രമാണ് തുടരന്വേഷണം നടന്നിട്ടുള്ളത്. അന്താരാഷ്ട്ര ബന്ധമുള്ള ലോബികളാണ് സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.