കൊച്ചി: നമ്പർ 18 ഹോട്ടലുടമ റോയ് വലയാട്ടുൾപ്പെടെ മൂന്ന് പേർ പ്രതികളായ പോക്‌സോ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഭീഷണിയെ തുടർന്ന് പരാതിപ്പെടാത്തവരെ കണ്ടെത്തി വിവരങ്ങൾ തേടുകയാണി​പ്പോൾ.

റോയി​ക്ക് പുറമേ, കൂട്ടാളി സൈജു എം. തങ്കച്ചൻ, സൈജുവിന്റെ സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ അഞ്ജലി റീമ ദേവ് എന്നിവരാണ് പ്രതികൾ. മൂവർക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സാക്ഷികളിൽ നിന്നാണ് പ്രതികളെ പൂട്ടാനുള്ള തെളിവുകൾ ലഭിച്ചത്. അഞ്ജലി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പറഞ്ഞത് കളവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തനിക്ക് കേസിൽ പങ്കില്ലെന്നും തന്നെ നശിപ്പിക്കാൻ ചിലർ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് കേസെന്നുമാണ് അഞ്ജലി പറഞ്ഞത്.

ജാമ്യ വ്യവസ്ഥാ ലംഘനം പരിശോധിക്കും

മോഡലുകൾ മരിച്ച കാറപകടക്കേസിൽ എല്ലാ തിങ്കളാഴ്ചയും അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടണമെന്നാണ് റോയിക്കും പ്രതികളായ ഹോട്ടലിലെ ജീവനക്കാർക്കും കോടതി നൽകിയ ജാമ്യവ്യവസ്ഥകളിൽ ഒന്ന്. റോയി ഇത്തരത്തിൽ ഹാജരാകുന്നില്ല. കൊവിഡാണെന്ന വാദമാണ് ഉന്നയിക്കുന്നത്. ഇത് കളവെങ്കി​ൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും ഡി.സി.പി പറഞ്ഞു.

ദൃശ്യങ്ങൾക്ക് പിന്നാലെ

തെളിവാക്കി മാറ്റാവുന്ന ചില ദൃശ്യങ്ങളും സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത് പ്രത്യേകം അന്വേഷിച്ച് വരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ വച്ച് റോയി ലൈംഗി​കമായി പീഡിപ്പിച്ചെന്നും ഇതിന്റെ ദൃശ്യങ്ങൾ സൈജു തങ്കച്ചനും അഞ്ജലിയും കൂടി ഫോണിൽ പകർത്തിയെന്നുമാണ് പരാതി. സൈജു തങ്കച്ചനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അഞ്ജലിയുടെയും റോയിയുടെയും കേസിലെ പങ്കിനെക്കുറിച്ച് ചോദിച്ചറിഞ്ഞിട്ടുണ്ട്. നാളെ റോയിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.