ആലുവ: കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ആലുവയിൽ ഐ ഗ്രൂപ്പിൽ ഉൾപ്പോര് ശക്തം. ഐ പക്ഷത്തെ നാലുപേരാണ് പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലിക്കുന്നത്. അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ഒരുവിഭാഗം വൈസ് പ്രസിഡന്റ് പി.എം. മുജീബിനേയും രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ മറ്റൊരു വൈസ് പ്രസിഡന്റ് ആർ. രഹൻരാജിനേയും പിന്തുണയ്ക്കുന്നു.

ഐ പക്ഷത്തെ വില്യം ആലത്തറ, നസീർ ചൂർണിക്കര, എ വിഭാഗം നോമിനിയായി എം.എ.എം. മുനീറുമാണ് പ്രസിഡന്റ് സ്ഥാനത്തിനായി ശ്രമിക്കുന്നുണ്ട്. നിലവിൽ പ്രസിഡന്റായ തോപ്പിൽ അബു എ ഗ്രൂപ്പിന്റെ ബാനറിലാണ് നിയമിതനായതെങ്കിലും എം.ഒ. ജോണുമായി പിണങ്ങി എട്ടുവർഷത്തിലേറെയായി ഐ വിഭാഗത്തിലാണ്. അതിനാൽ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ലഭിക്കാൻ സാദ്ധ്യതയില്ല. എ ഗ്രൂപ്പുകാരനായിരുന്ന മുജീബ് അൻവർസാദത്ത് എം.എൽ.എയുമായുള്ള ബന്ധത്തെത്തുടർന്നാണ് ഐ ഗ്രൂപ്പിലെത്തിയത്. കീഴ്മാട് സഹകരണ ബാങ്ക് ബോർഡ് മെമ്പറും മുൻ പഞ്ചായത്ത് അംഗവുമാണ്. സംഘടനാരംഗത്ത് ഇപ്പോഴും സജീവമാണ്. മോഫിയ പർവീന്റെ മരണവുമായി ബന്ധപ്പെട്ട സമരത്തിലും കെ റെയിൽവിരുദ്ധ സമരത്തിലുമെല്ലാം നിറസാന്നിദ്ധ്യമായിരുന്നു.

യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റായ ആർ. രഹൻരാജ് നിലവിൽ കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡന്റാണ്. വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രഹൻരാജ് രമേശ് മുൻധാരണ ഇല്ലാതിരുന്നിട്ടും രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം മുസ്ലീംലീഗിനായി സ്ഥാനമൊഴിഞ്ഞിരുന്നു. മുന്നണി സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സ്ഥാനത്യാഗം ചെയ്തയാൾ എന്ന നിലയിൽ ഇക്കുറി ബ്ളോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് രഹൻരാജിനെ പരിഗണിക്കണമെന്നാണ് അനുകൂലികൾ പറയുന്നത്. അൻവർ സാദത്ത് എം.എൽ.എയ്ക്കൊപ്പം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും പി.എ. മുജീബിനെയാണ് പിന്തുണക്കുന്നത്. ജില്ലയിൽനിന്നുള്ള ലിസ്റ്റിൽ മുജീബിന്റെ പേര് മാത്രമാണുള്ളതെങ്കിലും രമേശ് ചെന്നിത്തല രഹൻരാജിനായി പിടിമുറുക്കുമെന്നാണ് സൂചന.