
കൊച്ചി: സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ സീഡ് ഫണ്ടുമായി (പ്രാരംഭ മൂലധനം) വ്യോമ ഗതാഗത സാങ്കേതികവിദ്യ മേഖലയിൽ പ്രവർത്തനം ആരംഭിച്ച വെർടെയിൽ ടെക്‌നോളജീസ് 30 ആഗോള വിമാന കമ്പനികളുമായി കരാർ ഒപ്പുവച്ചു. വിമാന യാത്രയുമായി ബന്ധപ്പെട്ട റിസർവേഷൻ സംവിധാനത്തിൽ പ്രവർത്തനപരിചയമുള്ള ജെറിൻ ജോസും സതീഷ് സച്ചിതും സ്ഥാപിച്ച വെർടെയിലിന് കെ.എസ്.ഐ.ഡി.സി സീഡ് ഫണ്ടായി 2016ൽ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.
അന്താരാഷ്ട്ര വ്യോമ ഗതാഗത അസ്സോസിയേഷൻ (അയാട്ട) സാങ്കേതികവിദ്യയായ ന്യു ഡിസ്ട്രിബ്യൂഷൻ കേപ്പബിലിറ്റിക്ക് തുടക്കമിട്ടതോടെയാണ് ബിസിനസ്സ് സാദ്ധ്യത ജെറിൻ ജോസും സതീഷ് സച്ചിതും തിരിച്ചറിഞ്ഞത്. പുതിയ സംവിധാനം എയർലൈൻ ഉത്പ്പന്നങ്ങളുടെ വിതരണത്തെ മാറ്റിമറിക്കുമെന്ന് അവർ വിലയിരുത്തി.
പരമ്പരാഗത എയർലൈൻ ഡിസ്ട്രിബ്യൂഷൻ സംവിധാനത്തിന് ഉപഭോക്താവിന് ആവശ്യാനുസരണമുള്ള സേവനങ്ങൾ നൽകുന്നതുൾപ്പടെ പരിമിതികൾ മറികടക്കുന്നതാണ് തങ്ങളുടെ സാങ്കേതികവിദ്യയെന്ന് വെരിടെയിൽ സി.ഇ.ഒ ജെറിൻ ജോസ് പറഞ്ഞു. എമിറേറ്റ്‌സ്, കാത്തെ പസിഫിക്, ലുഫ്ത്താൻസ തുടങ്ങിയവയുമായി കരാർ ഒപ്പുവച്ച വെരിടെയിൽ കൂടുതൽ കമ്പനികളുമായി ചർച്ച തുടരുകയാണ്.
വിജയ സാദ്ധ്യതയുള്ള സ്റ്റാർട്ടപ്പുകളെ ഉചിതമായ സമയത്ത് സഹായിക്കുകയെന്ന കെ.എസ്.ഐ.ഡി.സിയുടെ വീക്ഷണത്തിന്റെ പ്രതീകമാണ് വെർടെയിലെന്ന് മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്കം പറഞ്ഞു.
ജപ്പാനിലെ സബ്‌സിഡിയറിക്ക് പുറമെ വെരിടെയിൽ ടെക്‌നോളജീസിന് ആഗോളതലത്തിൽ 7 സ്ഥലങ്ങളിൽ സാന്നിദ്ധ്യമുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും നിരവധി സമ്പന്നർ കമ്പനിയിലെ മൂലധന നിക്ഷേപകരാണ്.