monson

കൊച്ചി: എട്ടുതവണ പരിശോധിച്ചിട്ടും ഫലം കിട്ടാനില്ല. പുരാവസ്തു, സാമ്പത്തിക തട്ടിപ്പുവീരൻ മോൻസൺ മാവുങ്കൽ പ്രതിയായ തിമിംഗില അസ്ഥിക്കേസിൽ ഡി.എൻ.എ ഫലംകിട്ടാതെ വനംവകുപ്പ് കുഴയുന്നു. കണ്ടെടുത്ത് ദിവസങ്ങൾക്കകം സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലെത്തിച്ചെങ്കിലും കൃത്യമായ ഡി.എൻ.എ ഫലം ലഭിച്ചിട്ടില്ല.

കാലപ്പഴക്കമാണ് തിരിച്ചടിയായതെന്ന് കരുതുന്നു. സാമ്പിളുകൾ ഹൈദരാബാദിലെ കേന്ദ്രലാബിലെത്തിച്ച് അസ്ഥി ഒറിജിനലാണോയെന്ന് ഉറപ്പാക്കാനാണ് ഇപ്പോൾ നീക്കം. ഡി.എൻ.എ ഫലം വൈകുന്നത് കേസന്വേഷണത്തേയും ബാധിച്ചിട്ടുണ്ട്.

കൂറ്റൻ അസ്ഥി

കഴിഞ്ഞ ഒക്ടോബറിലാണ് രണ്ട് കൂറ്റൻ തിമിംഗില അസ്ഥികളെന്ന് കരുതുന്ന വസ്തുക്കൾ മോൻസൺ മാവുങ്കലിന്റെ സുഹൃത്തിന്റെ വാഴക്കാലയിലെ വീട്ടിൽനിന്ന് വനംവകുപ്പ് കണ്ടെടുത്തത്. മോൻസൺ അറസ്റ്റിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഇവ കലൂരിലെ മ്യൂസിയം വീട്ടിൽനിന്ന് മാറ്റിയത്. മോൻസന്റെ മാനേജരായിരുന്ന ജിഷ്ണുവായിരുന്നു പിന്നിൽ. ഇയാളെ ചോദ്യംചെയ്തിരുന്നു. കലൂരിലെ വീട്ടിൽ നിന്ന് ആനക്കൊമ്പുകൾ പിടികൂടിയശേഷമാണ് തിമിംഗില അസ്ഥിയെക്കുറിച്ച് വിവരം ലഭിച്ചത്. ചിത്രപ്പണികളുള്ള അസ്ഥികളാണ് പിടികൂടിയത്.

അസ്ഥിയും വ്യാജൻ?

പലവട്ടം പരിശോധിച്ചിട്ടും ഡി.എൻ.എ ഫലം കിട്ടാത്തതിനാൽ അസ്ഥി വ്യാജമാണെന്ന സംശയമുണ്ട്. മോൻസന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകൾ വ്യാജമായിരുന്നു. ഒട്ടയ്ക്ക് മോൻസൺ മറിച്ചുവിറ്റിരുന്നു.