swapna

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രണ്ട് ശബ്ദരേഖകളുടെ വിവരങ്ങൾ തേടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ് പ്രകാരം സ്വപ്ന സുരേഷ് ഇന്നലെ ഹാജരായെങ്കിലും മൊഴി നൽകാതെ മടങ്ങി. അനാരോഗ്യപ്രശ്നങ്ങൾ അറിയിച്ചതോടെ പിന്നീട് ഹാജരാകാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു.

തിരുവനന്തപുരത്തു നിന്ന് മകനും ബന്ധുവിനുമൊപ്പം രാവിലെ പതിനൊന്നരയോടെയാണ് മുല്ലശേരി കനാൽ റോഡിലെ ഇ.ഡി ഓഫീസിൽ സ്വപ്ന എത്തിയത്. അരമണിക്കൂറിനകം മടങ്ങി. കൊച്ചിയിൽ അഭിഭാഷകനുമായി ചർച്ച നടത്തിയ ശേഷമാണ് ഇ.ഡി ഓഫീസിൽ ഹാജരായത്.

സ്വപ്നയെ സൗകര്യപ്രദമായ മറ്റൊരു ദിവസം ചോദ്യം ചെയ്യുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. രണ്ടു ശബ്ദരേഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനുണ്ടെങ്കിലും ധൃതിയില്ലെന്ന് അവർ പറഞ്ഞു.

ഒളിവിലും ജയിലിലും കഴിഞ്ഞ കാലത്ത് തന്റെ രണ്ടു ശബ്ദരേഖകൾ പുറത്തുവിട്ടത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരൻ നിർദ്ദേശിച്ച പ്രകാരമാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലിരിക്കെ സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി സമ്മർദ്ദം ചെലുത്തിയെന്നായിരുന്നു ഒരു സന്ദേശം. മുഖ്യമന്ത്രിയുടെ പേര് സ്വർണ്ണക്കടത്തുമായി ബന്ധിപ്പിച്ച് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി വാഗ്ദാനം ചെയ്തെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ശിവശങ്കരന്റെ നിർദ്ദേശപ്രകാരമാണ് ഇ.ഡിക്കെതിരെ ഇങ്ങനെ പറഞ്ഞതെന്ന് ഈയിടെയാണ് സ്വപ്ന വെളിപ്പെടുത്തിയത്.

മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴയ്ക്കാൻ ഇ.ഡി ശ്രമിച്ചെന്ന ആരോപണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ വിരമിച്ച ജഡ്‌ജിയെ നിയോഗിക്കുകയും ചെയ്തു. ഇ.ഡിക്കെതിരെ വ്യാജസന്ദേശം പുറപ്പെടുവിക്കാൻ ശിവശങ്കരന് പുറമെ ആരൊക്കെ ഇടപെട്ടു, എന്തായിരുന്നു അവരുടെ ലക്ഷ്യം തുടങ്ങിയ കാര്യങ്ങൾ സ്വപ്ന വെളിപ്പെടുത്തുമെന്നാണ് ഇ.ഡിയുടെ പ്രതീക്ഷ.