കൊച്ചി: ചരക്കു വാഹനങ്ങളിൽ അമിതഭാരം ഉൾപ്പെടെ കയറ്റുന്നതും സർക്കാർ വാഹനമെന്ന് അനധികൃത ബോർഡ് സ്ഥാപിക്കുന്നതും കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ കമ്മിറ്റി 2015ൽ നൽകിയ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവു നടപ്പാക്കിയില്ലെന്നാരോപിച്ച് ഓൾ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.എ. അനൂപ്, സെക്രട്ടറി സുബിൻ പോൾ എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെ നിർദ്ദേശം. അനധികൃതമായി സർക്കാരിന്റെ ബോർഡ് സ്ഥാപിക്കുന്നതിലൂടെ പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും തെറ്റിദ്ധരിപ്പിച്ച് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനും ടോൾ നൽകുന്നത് ഒഴിവാക്കാനും കഴിയുമെന്ന് സിംഗിൾബെഞ്ച് പറഞ്ഞു.
 ഹർജിക്കാരന് നികുതി കുടിശിക
ഹർജിക്കാരനായ അനൂപിന് വാഹന നികുതിയിനത്തിൽ 3.70 ലക്ഷം രൂപ കുടിശികയുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അമിതഭാരം കയറ്റാൻ ടോറസുകളിലും ടിപ്പറുകളിലും ലോഡ് കയറ്റുന്ന ഭാഗത്ത് അനധികൃതമായി ഉയരം കൂട്ടുന്ന രീതി നിലവിലുണ്ട്. കൊവിഡ് വ്യാപനവും ലോക് ഡൗണും കണക്കിലെടുത്ത് ഗുരുതര കേസുകളിൽ മാത്രമാണ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയിരുന്നത്. നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുണ്ടാകാറുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇത്തരം ഭീഷണികളെ ഗൗരവത്തോടെ കാണണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി ഫെബ്രുവരി 25 ലേക്ക് മാറ്റി.