
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ ഇരയായ നടി കക്ഷി ചേരും. ഇന്നലെ ദിലീപിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചിൽ നടിക്കു വേണ്ടി അഭിഭാഷകൻ ഹാജരായി കക്ഷിചേരാൻ അനുമതി തേടി. ഇതനുവദിച്ച സിംഗിൾബെഞ്ച് ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ദിലീപിന്റെ വാദങ്ങളെ എതിർത്ത് നടിക്കുവേണ്ടി അടുത്ത ദിവസം അഭിഭാഷകൻ ഹർജി നൽകും.
കേസിൽ ജാമ്യത്തിലിറങ്ങിയശേഷം ആക്രമണദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ കഴിഞ്ഞ ഡിസംബറിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തിനെതിരെയാണ് ദിലീപിന്റെ ഹർജി.