കളമശേരി: യു.ഡി.എഫ് ഭരിക്കുന്ന കളമശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. കുട്ടിക്കെതിരായ അവിശ്വാസപ്രമേയം പാസായി. 13 അംഗ ഭരണസമിതിയിൽ സംവരണ സീറ്റിലെ ഒരംഗത്തിന്റെ അംഗത്വം നഷ്ടപ്പെട്ടതിനാൽ 12 അംഗ സമിതിയാണ് നിലവിലുള്ളത്. നാലുപേ‌ർ ലീഗും എട്ടുപേർ കോൺഗ്രസുമാണ്. അവിശ്വാസപ്രമേയത്തിൽ ഒപ്പുവച്ച ഏഴ് വിമതരിൽ രണ്ടുപേർ ലീഗുകാരാണ്.

ടി.കെ.കുട്ടിയടക്കം അഞ്ചുപേർ ബോർഡ് മീറ്റിംഗിന് എത്തിയില്ല. അസി.രജിസ്ട്രാർ കെ.ശ്രീലേഖ റിപ്പോർട്ട് രജിസ്ട്രാർക്ക് കൈമാറി. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഭരണസമിതിയിലെ ചേരിതിരിവ് രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ഒരു കരാർ തയ്യാറാക്കിയിരുന്നു. രണ്ടരവർഷം തികയുമ്പോൾ കുട്ടിയെ നീക്കി പുതിയ പ്രസിഡന്റിനെ നിയമിക്കാമെന്നായിരുന്നു കരാർ. എന്നാൽ,​ പാർട്ടി നിർദ്ദേശം ലംഘിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരുകയായിരുന്നു വിമതർ. ഇവർ പാർട്ടി നൽകിയ ഭരണസമിതി അംഗത്വം രാജിവയ്ക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ് ആവശ്യപ്പെട്ടു.