പറവൂർ: കോട്ടുവള്ളി പഞ്ചായത്തിലെ പൊക്കാളി പാടശേഖരങ്ങളിൽ ഏപ്രിൽ 14നുശേഷം ചെമ്മീൻകൃഷി അവസാനിപ്പിച്ച് പൊക്കാളി നെൽക്കൃഷിക്കായി വിട്ടുനൽകണമെന്നും ഏപ്രിലിൽത്തന്നെ കൃഷിക്കുവേണ്ട ഒരുക്കങ്ങൾ തുടങ്ങണമെന്നും കളക്ടറുടെ നിർദ്ദേശം. കോട്ടുവള്ളി പഞ്ചായത്തിൽ എട്ട് പൊക്കാളി പാടശേഖരസമിതികളും അടുത്ത മാസത്തിൽ യോഗംചേർന്ന് കൃഷിയോഗ്യമായ എല്ലായിടത്തും പൊക്കാളി നെൽക്കൃഷിയാരംഭിക്കുമെന്ന് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി പറഞ്ഞു.

ഏപ്രിൽ 14നുശേഷം പൊക്കാളിപ്പാടങ്ങളിലെ വെള്ളം പിടിച്ച് നിലമുണക്കി, ചിറ ബലപ്പെടുത്തി, കിളയും തോടുകീറലുമൊക്കെക്കഴിഞ്ഞ് വേനൽമഴയിൽ മണ്ണിലെ ഉപ്പുകളഞ്ഞ്, മേയ് പത്തിന് വിത്തെറിയാൻ പാകത്തിലുള്ള നടപടിക്രമങ്ങൾ ചെയ്തുവരി​കയാണെന്ന് കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി. റൈഹാന അറിയിച്ചു. കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധസംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കർഷക സംഘടനകൾ തുടങ്ങി​യവർ പൊക്കാളി നെൽക്കൃഷി ചെയ്യുവാനായി രംഗത്തുവന്നിട്ടുണ്ട്.പൊക്കാളിപ്പാടങ്ങൾ നെൽക്കൃഷിക്കായി വിട്ടുനൽകാത്ത ചെമ്മീൻ കെട്ടുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞാലും മത്സ്യക്കൃഷി തുടരുകയും പൊക്കാളിക്കൃഷിക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താതെ അവസാനം കൃഷിയിറക്കാതെ ഒഴിഞ്ഞുമാറുന്ന പ്രവണത കുറച്ചുവർഷങ്ങളായി കർഷകരിൽ കണ്ടുവരുന്നുണ്ട്. ഇതെെഴി​വാക്കുകയാണ് ലക്ഷ്യം.