
കൊച്ചി: റെയിൽവേ പ്ളാറ്റ്‌ഫോമിൽ കുഴഞ്ഞുവീണ യാത്രക്കാരനെ കണ്ടപ്പോൾ ആർ.പി.എഫ് കോൺസ്‌റ്റബിൾ സുനിൽ കെ. ബാബുവിന്റെ മനസിൽ കടന്നുവന്നത് അച്‌ഛന്റെ മുഖം. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ യാത്രക്കാരനെ കൈയിൽതാങ്ങിയെടുത്ത് നാന്നൂറ് മീറ്റർ ഓടി ആംബുലൻസിൽ കയറ്റിയപ്പോഴാണ് ശ്വാസം നേരെവീണത്.
കോഴിക്കോട് സ്വദേശി മുഹമ്മദലിക്കാണ് (46) സുനിലിന്റെ സമയോചിത ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചത്. സുനിലിന് ഇപ്പോൾ അഭിനന്ദനപ്രവാഹവുമാണ്. ഇന്നലെ സുനിലിന്റെ ഫോണിന് വിശ്രമമുണ്ടായില്ല. റെയിൽവേ ഉദ്യോഗസ്ഥരും സുഹൃത്തുക്കളും അപരിചിതരുമുൾപ്പെടെ അഭിനന്ദനവുമായി വിളിച്ചു. ഒരു ജീവൻ രക്ഷിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് അനുമോദനങ്ങൾക്കിടയിലും സുനിൽ.
ഒന്നാംനമ്പർ
പ്ലാറ്റ്‌ഫോം
സമയം തിങ്കളാഴ്‌ച വൈകിട്ട് നാലര. എറണാകുളം സൗത്ത് സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ളാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലായിരുന്നു സുനിൽ. നാലാംനമ്പർ പ്ളാറ്റ്‌ഫോമിൽ യാത്രക്കാരനായ മുഹമ്മദലി കുഴഞ്ഞുവീണതായി ആരോ സുനിലിനോട് പറഞ്ഞു. ട്രാക്കുകൾ മറികടന്ന് ഓടിയ സുനിൽ അതിവേഗം മുഹമ്മദലിക്ക് അടുത്തെത്തി.
നെഞ്ചിലും കൈകൾക്കും വേദനയുണ്ടെന്ന് മുഹമ്മദലി പറഞ്ഞപ്പോൾ ഹൃദയസ്തംഭനമാണോയെന്ന് സുനിൽ സംശയിച്ചു. സമാനലക്ഷണങ്ങളോടെ കുഴഞ്ഞുവീണ അച്ഛൻ ബാബുവിന്റെ ജീവൻ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സയിലൂടെ വീണ്ടെടുത്തത് ഓർമ്മവന്നു.
മുഹമ്മദലിയെ താങ്ങിയെടുത്ത് സുനിൽ ഓടി. ഒന്നാം പ്ളാറ്റ്ഫോമിലെ പ്രധാന കവാടത്തിലെത്തുമ്പോൾ ആംബുലൻസ് സജ്ജം. ഇതിൽ മുഹമ്മദിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം അപകടനില തരണംചെയ്തതായി ഡോക്‌ടർമാർ പറഞ്ഞു. മുമ്പ് ഹൃദയാഘാതമുണ്ടായിട്ടുള്ള മുഹമ്മദ് അപസ്മാരരോഗിയുമാണ്.
പത്തനംതിട്ട തുമ്പമൺ താഴത്ത് കുറുങ്കയിൽ വീട്ടിൽ ബാബുവിന്റെയും തങ്കമ്മയുടെയും മകനാണ് സുനിൽ കെ. ബാബു. ഭാര്യ: വിനീത. മക്കൾ: സെലിൻ, സാവന.