
തൃക്കാക്കര: തൃക്കാക്കര നഗരസഭാ പരിധിയിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി. ഹൈക്കോടതി നിർദേശപ്രകാരമാണിത്. 82 കച്ചവടക്കാരെ ഇന്നലെ നീക്കി. കാക്കനാട് ഐ.എം.ജി ജംഗ്ഷൻ മുതൽ സഹ.ആശുപത്രി വരെയുള്ള കച്ചവടക്കാരാണിവർ. കഴിഞ്ഞദിവസം നഗരസഭാ അധികൃതർ അനധികൃത കച്ചവടക്കാരോട് ഒഴിയാൻ നിർദേശിച്ചിരുന്നു. നഗരസഭാ പരിധിയിൽ 2018വരെ വഴിയോരക്കച്ചവടം നടത്തിയ അർഹരായവരുടെ ലിസ്റ്റ് കൗൺസിൽ അംഗീകരിച്ചിരുന്നു.
കൈയേറ്റക്കാർ ഇരട്ടിയായി
2018 മാർച്ച് 31ന് മുമ്പ് അപേക്ഷിച്ചവരെ ഉൾപ്പെടുത്തിയുള്ള ലിസ്റ്റാണ് കൗൺസിൽ അംഗീകരിച്ചത്. അതുപ്രകാരം 128 പേരുണ്ടായിരുന്നു. 2020 ആയപ്പോഴേക്കും 400ഓളം അപേക്ഷകൾ വന്നു. അതിൽനിന്ന് 45 പേരെ കൂടി ഉൾപ്പെടുത്തി ആകെ 273 പേരെയാണ് നഗരസഭ അംഗീകരിച്ചത്.
അംഗീകൃത കച്ചവടവും
പൊളിച്ചെന്ന് ആക്ഷേപം
നഗരസഭയിൽ അംഗീകൃത വഴിയോരക്കച്ചവടക്കാരുടെ കടകൾ അനധികൃതമായി രാത്രിയിൽ പൊളിച്ചതിനെതിരെ വഴിയോര കച്ചവട യൂണിയൻ (എ.ഐ.ടി.യു.സി) തൃക്കാക്കര മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിൽ പ്രതിഷേധിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.എ. അഷ്റഫ്, മജീദ് വാഴക്കാല, സി.സിന്ധു, എം.എ. റിയാസ്, സോണിയ ജോണി എന്നിവർ പ്രസംഗിച്ചു. മുൻസിപ്പൽ സെക്രട്ടറിക്ക് ഇതു സംബന്ധിച്ച നിവേദനം സമർപ്പിച്ചു.