hotel

കൊച്ചി: ജില്ലയിലെ ജനകീയ ഹോട്ടലുകളുടെ സബ്‌സിഡി കുടിശിക വീട്ടാൻ തീരുമാനമായി. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ കുടിശികയും ഹോട്ടൽനടത്തിപ്പുകാരുടെ ബാങ്ക് അക്കൗണ്ടിൽ എത്തും. 20 രൂപയ്ക്ക് നൽകുന്ന ഊണിന് പത്തുരൂപ വച്ച് സർക്കാർ നൽകേണ്ട സബ്‌സിഡി കഴിഞ്ഞ എട്ടുമാസമായി മുടങ്ങിയിരുന്നു. ഹോട്ടൽ നടത്തുന്ന കുടുംബശ്രീയിലെ സ്ത്രീകൾ അതോടെ ലക്ഷങ്ങളുടെ കടത്തിലായതായി 'കേരളകൗമുദി" വാർത്തനൽകിയിരുന്നു.

അരലക്ഷം മുതൽ 25 ലക്ഷം വരെ സബ്‌സിഡി കിട്ടാനുള്ള ഹോട്ടലുകളുണ്ട്. കൊച്ചി കോർപ്പറേഷന്റെ അഭിമാനപദ്ധതിയായ സമൃദ്ധി@കൊച്ചിക്ക് 26 ലക്ഷത്തോളം രൂപയും കുടിശിക കിട്ടാനുണ്ട്.

കൊവിഡ് മൂന്നാംതരംഗം കണക്കിലെടുത്ത് സമൂഹഅടുക്കളകൾ പുനഃസ്ഥാപിക്കാനുള്ള ആലോചന വന്നതോടെയാണ് ജനകീയ ഹോട്ടലുകളുടെ കുടിശിക അടിയന്തരമായി നൽകാൻ സർക്കാർ തീരുമാനിച്ചത്.

ജില്ലയിൽ 114 ജനീയ ഹോട്ടലുകൾ

കുടിശിക 1.79 കോടി

പണം ഇന്ന് ലഭിക്കും

ജില്ലയിലെ ജനകീയ ഹോട്ടലുകൾക്കായി സംസ്ഥാന കുടുംബശ്രീമിഷനിൽ നിന്ന് മൂന്നുകോടി രൂപ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഫണ്ട് ലഭിച്ചു. മാർച്ച് വരെയുള്ള തുകയാണ് അനുവദിച്ചത്. ഇന്നും നാളെയുമായി എല്ലാവരുടെയും അക്കൗണ്ടിൽ പണമെത്തും.

എസ്. രഞ്ജിനി,​

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,​

കുടുംബശ്രീ