seminari

ആലുവ: പെരിയാറിന്റെ തീരത്ത് പൗരാണിക ശോഭയോടെ നിലകൊള്ളുന്ന ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി നവതിയുടെ നിറവിൽ. നവതിയാഘോഷം ഫെബ്രുവരി 19ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

അലക്‌സാണ്ടർ ഏഴാമൻ മാർപാപ്പയുടെ നിർദ്ദേശപ്രകാരം സ്‌പെയിനിൽനിന്നുള്ള കർമ്മലീത്ത മിഷനറിമാരാണ് സംസ്ഥാനത്തെ സെമിനാരികളിൽ ഏറ്റവും പുരാതനവും വൈദികാർത്ഥികളുടെ എണ്ണത്തിൽ ഏഷ്യയിലെ ഏറ്റവും വലുതുമായ ആലുവ സെമിനാരി ആരംഭിച്ചത്. കത്തോലിക്കാ വൈദികരുടെ പരിശീലനത്തിനായി സെമിനാരി 1682ൽ വരാപ്പുഴയിൽ ആരംഭിച്ചു. തുടർന്ന് 1866ൽ പുത്തൻപള്ളിയിലേക്കും 1932ൽ ആലുവ മംഗലപ്പുഴയിലേക്കും മാറ്റി. 90 വർഷത്തിനിടയിൽ 5,000 വൈദികർക്ക് പരിശീലനം നൽകാൻ മംഗലപ്പുഴ സെമിനാരിക്ക് സാധിച്ചു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സെമിനാരി സംഭാവനകൾ നൽകി. നവതിയാഘോഷങ്ങളോടനുബന്ധിച്ച് സാമൂഹിക സാംസ്‌കാരിക നവീകരണ പ്രവർത്തനങ്ങൾക്കായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് സെമിനാരി റെക്ടർ ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ അറിയിച്ചു.

* ഉദ്ഘാടനം 19ന്

സെമിനാരിയുടെ നവതിയാഘോഷങ്ങൾ ഫെബ്രുവരി 19ന് വൈകിട്ട് ആറിന് നടക്കും. സെമിനാരി മുൻ വിദ്യാർത്ഥിയും വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയുമായ ഫാ. ജോസഫ് കളത്തിൽപറമ്പിൽ ഉദ്ഘാടനം ചെയ്യും. സെമിനാരി കമ്മിഷൻ ചെയർമാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. സിറോമലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മുഖ്യസന്ദേശം നൽകും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാകും. ഫാ. യൂഹനോൻ മാർ തിയഡോഷ്യസ്, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ടോണി നീലങ്കാവിൽ, അൻവർ സാദത്ത് എം.എൽ.എ, ഡോ. ജോജി കല്ലിങ്കൽ, എം.ഒ. ജോൺ, ഗൈൽസ് ദേവസ്സി എന്നിവർ സംസാരിക്കും.