boat
ആലുവ ഫയർഫോഴ്സി​ന് അനുവദിച്ച ഫൈബർ ബോട്ടുകൾ പെരിയാറിൽ ഇറക്കിയപ്പോൾ

ആലുവ: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആലുവ ഫയർഫോഴ്സി​ന് വാട്ടർ ടെൻഡർ വാഹനം അനുവദിച്ചതിന് പിന്നാലെ രണ്ട് ഫൈബർ ബോട്ടുകൾകൂടി ലഭിച്ചു. ആലുവയിലെയും സമീപപഞ്ചായത്തുകളിലേയും ജലദുരന്തങ്ങളേയും പ്രളയഭീഷണിയേയും നേരിടുന്നതിന് ഇവ ഉപയോഗപ്പെടുത്തും. 40 എച്ച്.പി ഔട്ട്‌ ബോർഡ് എൻജിനോട് കൂടിയുള്ള ആധുനിക ജലസുരക്ഷാ ബോട്ടുകൾ ഇന്നലെ വൈകിട്ടാണ് ആലുവയിലെത്തിച്ചത്. പെരിയാറിൽ സമീപകാലത്തായി മുങ്ങിമരണങ്ങൾ വർദ്ധിക്കുമ്പോൾ ഫയർഫോഴ്സി​ന് കാര്യമായ രക്ഷാപ്രവർത്തനം നടത്താനാകുന്നില്ലെന്ന വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് ബോട്ടുകൾ അനുവദിച്ചത്. ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകും.