
കൊച്ചി: തൃക്കാക്കര നിയമസഭാമണ്ഡലത്തിന് പിന്നാലെ ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളും ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഒരുക്കങ്ങൾ ആരംഭിച്ചു. ആറിടങ്ങളിലാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ്.
കൊച്ചി കോർപ്പറേഷനിലെ എറണാകുളം സൗത്ത് (62-ാം ഡിവിഷൻ), തൃപ്പുണിത്തറ നഗരസഭയിലെ പിഷാരികോവിൽ (44-ാം ഡിവിഷൻ), ഇളമനത്തോപ്പ് (11-ാം ഡിവിഷൻ), കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി (11-ാം വാർഡ്), വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂർ (6-ാം വാർഡ്), നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗൺ (17-ാം വാർഡ്) എന്നിവിടങ്ങളിലാണ് ജനവിധി.
ഇന്നുമുതൽ മാർച്ച് മൂന്നുവരെ പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാം. കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കരടുപട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ മാർച്ച് മൂന്നുവരെ ഉന്നയിക്കാം. ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ തദ്ദേശ സെക്രട്ടറിമാരുടെ യോഗം ചേർന്ന് നടപടികൾക്ക് രൂപംനൽകി. കരട് വോട്ടർപട്ടിക പഞ്ചായത്ത്, നഗരസഭ, വില്ലേജ്, താലൂക്ക് ഓഫീസുകളിൽ പ്രസിദ്ധീകരിക്കും. കമ്മിഷന്റെ വെബ്സൈറ്റിലും ലഭ്യമാണ്.
പേര് ചേർക്കാൻ
 2022 ജനുവരി ഒന്നിനകം 18 വയസ് തികഞ്ഞിരിക്കണം.
 അപേക്ഷകൾ www.sec.kerala.gov.inൽ സമർപ്പിക്കണം.
 തിരുത്തലുകളോ സ്ഥാനമാറ്റമോ വരുത്താനുള്ള അപേക്ഷകളും ഓൺലൈനായി നൽകണം.
 പേര് ഒഴിവാക്കാനുള്ള അപേക്ഷ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലൂടെയോ നൽകാം.