nreg-workers-union

മരട്: കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പൂണിത്തുറയിൽ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. ഗാന്ധി സ്ക്വയർ മിനി ബൈപ്പാസിന് സമീപംനടന്ന സമരം എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ തൃക്കാക്കര ഏരിയ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. രാധികാബാബു, എം.കെ. മണി, ബീന നന്ദനൻ, ലളിത മുരളി തുടങ്ങിയർ സംസാരിച്ചു.

പദ്ധതിക്ക് മതിയായ തുക അനുവദിക്കുക, 200 തൊഴിൽ ദിനങ്ങൾ പ്രതിവർഷം അനുവദിക്കുക, കൂലി 600 രൂപയാക്കി ഉയർത്തുക, ജാതി അടിസ്ഥാനത്തിൽ പ്രത്യേകമായി കൂലി നൽകുന്നത് അവസാനിപ്പിക്കുക, കൂലി കുടിശിക ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് അയച്ചു.