അങ്കമാലി: അങ്കമാലി എഫ്.സി.ഐഗോഡൗണിൽ നിന്നുള്ള ചരക്കുനീക്കം പുനരാരംഭിച്ചു. 24 ലോറികളിലായി കയറ്റിയിട്ടിരുന്ന 3360 ചാക്ക് അരി ഇന്നലെ ഉച്ചയോടെ കൊണ്ടുപോയി. സിവിൽ സപ്ലൈസിന്റെ
ഗോഡൗണിലെത്തിച്ചശേഷം അവിടെനിന്ന് എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ റേഷൻകടകളിലേക്ക് വിതരണത്തിനായി പോകേണ്ടിയിരുന്ന അരിയാണ് ആറുദിവസമായി ലോറികളിൽ കെട്ടിക്കിടന്നത്. നിസ്സഹകരണ സമരത്തിന്റെ ഭാഗമായി തൊഴിലാളികൾ ഓരോലോറിയിലും 10ടൺ വീതം അരി കയറ്റേണ്ടതിനുപകരം ഏഴുടൺവീതമേ കയറ്റിയിരുന്നുള്ളൂ. അതിനാലാണ് ലോഡ് കൊണ്ടുപോകാതിരുന്നത്.
അട്ടിക്കൂലി നൽകാത്തതിൽ പ്രതിഷേധിച്ച് അങ്കമാലി എഫ്.സി.ഐ.യിൽ തൊഴിലാളികൾ രണ്ടാഴ്ചയോളമായി നടത്തിവന്ന നിസഹകരണസമരം പിൻവലിച്ചതോടെ ഇന്നലെമുതൽ ലോറികളിൽ പൂർണ്ണഅളവിൽ അരി കയറ്റിത്തുടങ്ങി.
കൊവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും ജില്ലാ കളക്ടറുടെ ഇടപെടലിനെത്തുടർന്നും നിസ്സഹകരണ സമരം പിൻവലിച്ചെങ്കിലും അട്ടിക്കൂലി പുന:സ്ഥാപിച്ചു കിട്ടുംവരെ പ്രതിഷേധം തുടരാണ് തൊഴിലാളികളുടെ
തിരുമാനം.